SHARE

പരിശീലനത്തിനിടെ തലക്ക്‌ പന്തു കൊണ്ട ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ മയങ്ക് അഗർവാൾ ഇംഗ്ല‌ണ്ടിനെതിരെ ഈ മാസം നാലിന് ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കില്ല‌‌.‌ പരിശീലന സെഷനിടെ കൺകഷൻ സംഭവിച്ച അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായതായി ഇന്ന് വൈകിട്ട് ബിസിസിഐ സ്ഥിരീകരിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്.

പരിശീലന സെഷനിൽ ബാറ്റ് ചെയ്യുന്നതിനിടെ വലംകൈയ്യൻ പേസർ മൊഹമ്മദ് സിറാജ് എറിഞ്ഞ ഷോട്ട് ബോൾ മയങ്കിന്റെ തലയിൽ കൊള്ളുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പരിക്കിനെത്തുടർന്ന് ശുഭ്മാൻ ഗിൽ പരമ്പരയിൽ നിന്ന് പുറത്തായതിനാൽ മയങ്ക് അഗർവാളും, രോഹിത് ശർമ്മയും ചേർന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മയങ്കിനും പരിക്കേറ്റിരിക്കുന്ന സാഹചര്യത്തിൽ കെ എൽ രാഹുലിനാകും രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ട ഉത്തരവാദിത്വം.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ മത്സര ക്രമം ഇങ്ങനെ…

ഒന്നാം ടെസ്റ്റ് – ഓഗസ്റ്റ് 4 മുതൽ 8 വരെ ട്രെന്റ്ബ്രിഡ്ജിൽ

രണ്ടാം ടെസ്റ്റ് – ഓഗസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിൽ

മൂന്നാം ടെസ്റ്റ് – ഓഗസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിൽ

നാലാം ടെസ്റ്റ് – സെപ്റ്റംബർ 2 മുതൽ 6 വരെ കെന്നിംഗ്ടൺ ഓവലിൽ

അഞ്ചാം ടെസ്റ്റ് – സെപ്റ്റംബർ 10 മുതൽ 14 വരെ ഓൾഡ് ട്രാഫോഡിൽ.