SHARE

റഷ്യൻ ലോകകപ്പിലെ താരമാകുമെന്ന് പലരും പ്രവചിച്ച കളിക്കാരനാണ് ഫ്രാൻസിന്റെ കെയ്ലിൻ എംബാപെ. ​ഗ്രൂപ്പ് ഘട്ടത്തില് ഒരു ​ഗോൾ നേടിയെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എംബാപെ എത്തിയിരുന്നില്ല. എന്നാൽ പ്രീക്വാർട്ടറിൽ അർജൻറീനയ്ക്കെതിരെ നടത്തിയ മിന്നുന്ന പ്രകടനത്തോടെ പി.എസ്.ജി താരം ഫോമിലേക്കുയർന്നു.

മികവിലേക്കുയർന്നതിനൊപ്പം ഒരു ചരിത്ര നേട്ടം കൂടിയാണ് ഇന്നലെ എംബാപെയെ കാത്തിരുന്നത്. പെലെയ്ക് ശേഷം ലോകകപ്പിൽ ഒന്നിലേറെ തവണ ​ഗോൾ നേടുന്ന 20 വയസിൽ താഴയെുള്ള ആദ്യ കളിക്കാരനെന്ന നേട്ടമാണ് എംബാപെ സ്വന്തമാക്കിയത്. 1958 സ്വീഡൻ ലോകപ്പിലാണ് പെലെ ഈ നേട്ടം സ്വന്തമാക്കിയത്. തുടർന്ന് ഇപ്പോൾ അറുപത് വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരാൾ പെലെയ്ക്കൊപ്പമെത്തിയത്.

തനിക്കൊപ്പമെത്തിയ എംബാപെയെ അഭിനന്ദിക്കാൻ പെലെയും മറന്നില്ല. ട്വിറ്ററിലൂടെയാണ് ഇതിഹാസം ഫ്രഞ്ച് കൗമാരതാരത്തിന് ആശസകൾ നേർന്നത്. ബ്രസീലിനെതിരെയൊഴികെ, വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയട്ടെയെന്നും പെലെ, തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. നേരത്തെ ലോകകപ്പിൽ ​ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് കളിക്കാരനെന്ന നേട്ടവും എബാപെ സ്വന്തമാക്കിയിരുന്നു.