SHARE

യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടം പിഎസ്ജിയുടെ ഫ്രഞ്ചുകാരന്‍ കൈലിയന്‍ എംബാപ്പെയ്ക്ക് സ്വന്തം. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളില്‍ നടത്തിയ പഠനത്തിലാണ് എംബാപ്പെയെ മൂല്യമേറിയ താരമായി കണ്ടെത്തിയത്. കായികരംഗത്തെക്കുറിച്ച് പഠനം നടത്തുന്ന രാജ്യാന്തര കേന്ദ്രമായ സിഐഇഎസിന്റെ റിപ്പോര്‍ട്ടിലാണ് എംബാപ്പെ ഒന്നാമതെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് സിഐഇഎസിന്റെ ആസ്ഥാനം.

സൂപ്പര്‍ താരം ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ ബഹുദൂരം പിന്തള്ളിയാണ് എംബാപ്പെ നേട്ടം സ്വന്തമാക്കിയത്. 2165 ലക്ഷം യൂറോയാണ് സിഐഇഎസ് കല്‍പ്പിക്കുന്ന മൂല്യം. ലയണല്‍ മെസി ആറാമതാണ്. റഹീം സ്‌റ്റെര്‍ലിങ്, റൊമേലു ലുക്കാക്കു, ഒണ്‍ട്വോയ്ന്‍ ഗ്രീസ്മാന്‍, പാവ്‌ലോ ഡിബാല എന്നിവര്‍ യഥാക്രമം പിന്നീട്. യുവന്റസിന്റെ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പത്തു പേരുടെ പട്ടികയില്‍ ഇല്ല. ടോട്ടനം ഹോത്‌സ്പറിന്റെ ഹാരി കെയ്ന്‍ രണ്ടാമത്. 1973 ലക്ഷം യൂറോ. പിഎസ്ജിയില്‍ എംബാപ്പെയ്ക്ക് ഒപ്പമുള്ള നെയ്മര്‍ മൂന്നാമത്.

ഗോള്‍കീപ്പര്‍മാരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ താരം എഡേഴ്‌സണ്‍ മൊറെയ്‌സ് മുന്നില്‍. സ്‌പെയ്‌നിന്റെ ഒന്നാം നമ്പര്‍ ഗോളിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിശ്വസ്തനുമായ ഡേവിഡ് ഡെഗെയ ഗോളിമാരുടെ പട്ടികയില്‍ പോലുമില്ല. മധ്യനിരക്കാരില്‍ ഡെലെ ആല്ലിയാണ് മുന്നില്‍. ആല്ലിക്ക് 1643 ലക്ഷം യൂറോയാണ് മൂല്യം. കെവിന്‍ ദബ്രയ്‌നും പോള്‍ പോഗ്ബയും രണ്ടും മൂന്നും സ്ഥാനത്ത്. എന്‍ ഗോളോ കാന്റെയാണ് നാലാമത്. പ്രതിരോധത്തില്‍ ഒന്നാമതെത്തിയത് സാമുവല്‍ ഉംറ്റിറ്റി.