SHARE

ഐ.എസ്.എൽ ഏഴാം സീസണിൽ കിരീടമുയർത്തിയ മുംബൈ സിറ്റി അടുത്ത സീസണിൽ ടീമിനെ ഇറക്കുന്നത് വൻ മാറ്റങ്ങളുമായെന്ന് സൂചന. ടീമിലെ വിദേശ ക്വാട്ട അഴിച്ചുപണിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മൂന്ന് പുതിയ വിദേശതാരങ്ങൾ അടുത്ത സീസണിൽ ടീമിലെത്തിയേക്കുമെന്നാണ് സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്.

ബർത്തലോമിയോ ഓ​ഗ്ബെച്ച, ആദം ലെ ഫോൻഡ്രെ, സൈ ​ഗോഡാർഡ്, ഹെർനൻ സന്റാന, അഹമ്മദ് ജഹു, ഹ്യൂ​ഗോ ബോമോ, മോർത്താദാ ഫാൾ എന്നിവരാണ് മുംബൈ നിരയിലെ വിദേശതാരങ്ങൾ. ഇതിൽ സന്റാന, ലെ ഫോൻഡ്രെ, ​ഗോഡാർഡ് എന്നിവർ ലോണിൽ കളിക്കുന്നവരാണ്. ഈ താരങ്ങൾ ക്ലബ് വിട്ടേക്കുമെന്നാണ് സൂചന. ഇവർക്ക് പകരമാകും പുതിയ താരങ്ങളെത്തുക

ജഹു, ബോമോ, ഫാൾ എന്നിവരെ മുംബൈ പരിശീലകൻ സെർജിയോ ലൊബേറ, മുൻ ക്ലബായ എഫ്.സി ​ഗോവയിൽ നിന്ന് ഒപ്പം കൂട്ടിയവരാണ്. കുറേ സീസണുകളായി ഒന്നിച്ചു കളിക്കുന്നവർ കൂടിയാണിവർ. അതിനാൽ ഈ മൂവരേയും ഒഴിവാക്കാൻ ലൊബേറ തയ്യാറായേക്കില്ല. മാത്രവുമല്ല, അടുത്ത ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ മുംബൈയ്ക്ക് കളിക്കേണ്ടതിനാൽ ഈ താരങ്ങളുടെ സേവനം ലൊബേറയ്ക്ക് ഏറെ ​ഗുണം ചെയ്യു. പിന്നെയുള്ളത് ഓ​ഗ്ബെച്ചെയാണ്.

കഴിഞ്ഞ സീസണിൽ ലെ ഫോൻഡ്രെയ്ക്ക് പിന്നിൽ രണ്ടാം ചോയ്സായിരുന്നെങ്കിലും ലഭിച്ച അവസരങ്ങളിലും നിർണായക മത്സരങ്ങളിലും ഓ​ഗ്ബെച്ചെ വലകുലുക്കി മികവ് തെളിയിച്ചു. ഐ,എസ്.എല്ലിൽ തന്നെ മികച്ച റെക്കോർഡുള്ള താരമാണ് ഓ​ഗ്ബെച്ചെ. അതിനാൽ തന്നെ താരത്തെ ലൊബേറെ നിലനിർത്താനും സാധ്യതയുണ്ട്. എങ്കിലും താരത്തിന്റെ പ്രായം ഒരു പ്രതികൂല ഘടകമാണ്. മികച്ച യുവതാരത്തെ എത്തിക്കാനാണ് തീരുമാനമെങ്കിൽ മുംബൈ, ഓ​ഗ്ബെച്ചെയെ കൈയ്യൊഴിയും.