SHARE

ബംഗ്ലാദേശ് ബൗളിംഗിന്റെ പുത്തന്‍ താരോദയം മെഹിദി ഹസന്‍ മിറാസിന് പ്രധാനമന്ത്രിയുടെ അപൂര്‍വ്വസമ്മാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ മികച്ച പ്രകടനം നടത്തിയ സമ്മാനമായി താരത്തിന് ബംഗ്ലാദേശിലെ ഖുല്‍നയില്‍ സ്ഥലം സമ്മാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷേക്ക് ഹസീന. അരങ്ങേറ്റമത്സരത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് മെഹിദി കാഴ്ച്ച വെച്ചത്.

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനും മെഹിദിയുടെ പ്രകടനം ടീമിനെ സഹായിച്ചു. പരമ്പരയില്‍ ബംഗ്ലാദേശ് 22 റണ്‍സിന് തോറ്റ ആദ്യമത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ആറു ഇംഗ്ലീഷ് വിക്കറ്റുകളാണ് മെഹിദി പിഴുതെടുത്തത്. രണ്ടാമത്തെ ടെസ്റ്റിലായിരുന്നു ബംഗ്ലാദേശിന്റെ ചരിത്രപ്രകടനം.

മത്സരം ജയിക്കാൻ രണ്ടാമിന്നിംഗ്‌സില്‍ 272 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ അവര്‍ 164 റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു. മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സുകളിലും മെഹിദി ഹസന്‍ ആറു വിക്കറ്റുകള്‍ വീതം നേടി. ആകെ പരമ്പരയില്‍ 19 വിക്കറ്റുകള്‍ നേടിയ താരം തന്നെയായിരുന്നു മാന്‍ ഓഫ് ദി സിരീസും ബംഗ്ലാദേശ് ജയിച്ച കളിയിലെ മാന്‍ ഓഫ് ദി മാച്ചും.

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ബംഗ്ലാദേശ് താരത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം ഇപ്പോള്‍ ഈ യുവതാരത്തിന് സ്വന്തമാണ്. കഴിഞ്ഞ നവംബറില്‍ മെഹിദിക്ക് പ്രഖ്യാപിച്ച സമ്മാനത്തെകുറിച്ച് അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ താരം വലിയ സന്തോഷത്തിലായിരുന്നു. ഖുല്‍ന സിറ്റി കോര്‍പ്പറേഷന് കീഴിലുള്ള അര ഏക്കര്‍ സ്ഥലമാണ് കോര്‍പ്പറേഷന്‍ നടത്തിയ പരിപാടിയില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് മെഹിദിക്ക് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.