SHARE

ഐ എസ് എല്‍ നാലാം സീസണില്‍ ജംഷഡ്പൂര്‍ എഫ് സിയുടെ താരമായിരുന്ന മെഹ്താബ് ഹുസൈന്‍ 12 വര്‍ഷത്തിന് ശേഷം മോഹന്‍ ബഗാനില്‍ തിരിച്ചെത്തി. 2003-06 സീസണുകളില്‍ മെഹ്താബ് മോഹന്‍ ബഗാന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ജംഷഡ്പൂരിന് വേണ്ടി 12 മത്സരങ്ങള്‍ കളിച്ച താരം ഒരു അസിസ്റ്റ് മാത്രമാണ് നേടിയത്.

2006ല്‍ ബഗാന്‍ വിട്ടതിന് ശേഷം 10 സീസണുകളില്‍ ഈസ്റ്റ് ബംഗാളില്‍ കളിച്ച മെഹ്താബ് ഹുസൈന്‍ ഐ എസ് എല്‍ തുടങ്ങിയപ്പോള്‍ ക്ലബ് വിടുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ മൂന്നു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് മെഹ്താബ് ഹുസൈന്‍ കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയില്‍ 38 മത്സരങ്ങള്‍ കൡച്ച മെഹ്താബ് രണ്ട് അസിസ്റ്റുകളാണ് സ്വന്തം പേരിലാക്കിയിട്ടുള്ളത്.

2005 – 2015 കാലഘട്ടത്തില്‍ ദേശീയ ടീമിന് വേണ്ടി 29 തവണ കളിക്കാനിറങ്ങിയ മെഹ്താബ് രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്. 2012ല്‍ നെഹ്‌റു കപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു താരം.