SHARE

പ്രീസീസൺ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലീഗ വേൾഡിലെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മത്സരശേഷം ബ്ലാസ്റ്റേഴ്സിനെത്തേടി മെൽബൺ പരിശീലകന്റെ നല്ല വാക്കുകൾ എത്തി. ഇന്നലെ മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് റിസർവ്വ് ടീം കോച്ച് കൂടിയായിരുന്ന വാറൻ ജോയിസ് രംഗത്ത് വന്നത്.

പ്രത്യക്ഷത്തിൽ മെൽബൺ നേടിയ 6-0 വിജയം ഏകപക്ഷീയമാണെന്ന് തോന്നുമെങ്കിലും ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം കാഴ്ച വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ സംഘടിതമായി കളിക്കുന്ന ടീമാണ്. പിന്നെ, ഇത് പ്രീസീസൺ മത്സരമാണ്. അത് കൊണ്ട് തന്നെ രണ്ടാംപകുതിയിൽ കുറച്ച് കൂടി പതുക്കെ കളിക്കാൻ താരങ്ങൾ ശ്രമിച്ചു. വാറൻ ജോയിസ് പറഞ്ഞുനിർത്തി.

അതേ സമയം എതിരില്ലാത്ത ആറ് ഗോളിനായിരുന്നു മെൽബൺ സിറ്റി, ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്‌‌. ടൂർണമെന്റിൽ ഇന്നും നാളെയും മത്സരമില്ല. 27-ം തീയതി മെൽബൺ സിറ്റി എഫ് സിയും ജിറോണ എഫ് സിയും തമ്മിൽഏറ്റുമുട്ടും.