SHARE

ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ മെല്‍ബണ്‍ റെനഗേഡ്‌സിന് തകര്‍പ്പന്‍ ജയം. 112 റണ്‍സെന്ന കുറഞ്ഞ വിജയലക്ഷ്യവുമായിറങ്ങിയ മെല്‍ബണെ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 49 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് കാമറൂണ്‍ വൈറ്റും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിഡ്‌നിക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മെല്‍ബണ്‍ ബൗളേര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ 20 ഓവറില്‍ ആകെ നേടാനായത് 111-8 റണ്‍സ്. 24 റണ്‍സെടുത്ത നിക് മാഡിന്‍സണും 22 റണ്‍സെടുത്ത സാം ബില്ലിംഗ്‌സുമാണ് അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. മെല്‍ബണ് വേണ്ടി ഡ്വെയിന്‍ ബ്രാവോ മൂന്നും മുഹമ്മദ് നബി രണ്ടും വിക്കറ്റുകള്‍ നേടി. ജാക്ക് വില്‍ഡര്‍മുത്ത്, ബ്രാഡ് ഹോഗ്ഗ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും തകര്‍ത്തെറിഞ്ഞ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 4 ഓവറില്‍ വഴങ്ങിയത് 13 റണ്‍സ് മാത്രമാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബണ് മാര്‍കസ് ഹാരിസിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും ഫിഞ്ചും വൈറ്റും ചേര്‍ന്ന് അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. സ്‌കോര്‍ സിഡ്‌നി സിക്‌സേഴ്‌സ്: 111-8(20), മെല്‍ബണ്‍ റെനെഗേഡ്‌സ് 112-2 (15.3)