SHARE

മെസി തന്റെ മികച്ച ഫോമിലാണെങ്കില്‍ 2018-ലെ റഷ്യല്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക് നേടാനാകുമെന്ന് മുന്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മി. അര്‍ജന്റൈന്‍ ചാനലായ എല്‍ ട്രീസിനോടാണ് റിക്വല്‍മി ഇക്കാര്യം പറഞ്ഞത്.

എല്ലാക്കളിക്കാര്‍ക്കും നന്നായി കളിക്കാനായാല്‍ അതിലുപരി മെസിക്ക് മികവ് പുലര്‍ത്താനായാല്‍ ലോകകപ്പ് സ്വന്തമാക്കാമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മെസി മികച്ച ഫോമിലാണെങ്കില്‍ മറ്റൊരു പ്രശ്‌നവും ഞങ്ങളുടെ മുന്നിലില്ല, റിക്വല്‍മി പറഞ്ഞു. പരിശീലകന്‍ സാംപോളിയെ എനിക്കറിയില്ല, എന്നാല്‍ ലോകകപ്പ് നേടാന്‍ അര്‍ജന്റീനയ്ക്ക് കഴിയുമെന്നതാണ് പ്രധാനം, റിക്വല്‍മി കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ എറ്റവും മികച്ച കളിക്കാരനാണ് മെസിയെന്നും , മെസി അര്‍ജന്റീനക്കാരനായതില്‍ ഞങ്ങളെല്ലാവരും ഭാഗ്യവാന്മാരാണെന്നും റിക്വല്‍മി പറഞ്ഞു. 39 കാരനായ റിക്വല്‍മി അര്‍ജന്റീനയ്ക്കായി 51 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 17 ഗോളുകളും അടിച്ചുകൂട്ടിയിട്ടുണ്ട്. ബാഴ്‌സലോണ , ബോക്കാ ജൂനിയേഴ്‌സ്, വിയ്യാറയല്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

യോഗ്യതാ റൗണ്ടില്‍ വളരെയേറെ കഷ്ടപ്പെട്ടാണ് അര്‍ജന്റീന റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ലോകകപ്പിലെ ഗ്രൂപ്പ് തിരിച്ചതും അര്‍ജന്റീനയക്ക് കടുപ്പമാണ്. നൈജീരിയ, ഐസ്ലാന്‍ഡ്, ക്രൊയേഷ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന ഉള്‍പ്പെടുന്നത്.