SHARE

സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് ദയനീയ പ്രകടനം തുടരുകയാണ്. തുടര്‍ തോല്‍വികളും മുന്നേറ്റനിരയുടെ ദൗര്‍ബല്യവുമെല്ലാം റയലിന്റെ പതനം വേഗത്തിലാക്കുന്നു. മറുവശത്താകട്ടെ എതിരാളികളില്ലാതെ ബാഴ്‌സലോണയുടെ കുതിപ്പും. 40 പോയിന്റുമായി ലയണല്‍ മെസിയും കൂട്ടരും ഒന്നാംസ്ഥാനത്ത് നില്ക്കുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളംവിട്ട റയല്‍ 30 പോയിന്റോടെ അഞ്ചാമതാണ്.

രസകരമായ വസ്തു എന്താണെന്നു വച്ചാല്‍ ഈ സീസണില്‍ ലാലിഗയില്‍ റയല്‍ അടിച്ചത് 26 ഗോളുകളാണ്. മെസി ബാഴ്‌സയില്‍ അടിച്ചതും അസിസ്റ്റ് ചെയ്തതുമായ ഗോളുകളുടെ എണ്ണം 27 ആണ്. 16 ഗോളുകള്‍ ആ ബൂട്ടില്‍ നിന്ന് പിറന്നപ്പോള്‍ 11 തവണ കൂട്ടുകാരെ കൊണ്ട് അടിപ്പിച്ചു. റയലിലെ എല്ലാവരും കൂടി നേടിയതിനെക്കാള്‍ മെസിയുടെ സംഭാവന ഉണ്ടെന്ന് ചുരുക്കം.

സാന്റിയാഗോ സോളാരി കോച്ചായി വന്നിട്ടും റയലിന്റെ ശനിദശ മാറിയിട്ടില്ല. ഗോള്‍ അനാവശ്യമായി വഴങ്ങുന്നതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. 26 നേടിയപ്പോള്‍ സ്വന്തം പോസ്റ്റില്‍ 23 ഗോളുകള്‍ വഴങ്ങി. പോയിന്റ് പട്ടികയില്‍ ആദ്യ ഏഴു സ്ഥാനക്കാരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയതും റയല്‍ തന്നെ.