SHARE

അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കിരീടം ചൂടി, ദേശീയ ടീമിനൊപ്പം കിരീടമെന്ന ആഗ്രഹം സഫലമാക്കാമെന്ന പ്രതീക്ഷയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി‌. ഇതു വരെ അർജന്റൈൻ ജേഴ്സിയിൽ കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലാത്ത തനിക്ക്, 2021 ലെ കോപ്പ അമേരിക്കയിൽ ആ കുറവ് നികത്താനാകുമെന്ന് മെസി കരുതുന്നതായി ഗോൾ ഡോട്ട് കോമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരുപിടി സീനിയർ താരങ്ങൾ ടീം വിട്ടെങ്കിലും യുവ താരങ്ങൾക്കൊപ്പം ചേർന്ന് കോപ്പ‌കിരീടം നേടാമെന്നാണ് മെസി കരുതുന്നത്. ഇപ്പോളത്തെ ദേശീയ ടീം പരിശീലക‌ൻ ലയണൽ സ്കലോണിക്ക് കീഴിൽ ടീമിന് തിളങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന താരം ടീമിലെ യുവതാരങ്ങളിലും, പരിശീലക സ്റ്റാഫുകളിലും വളരെയധികം സംതൃപ്തനാണെന്നാണ് ഗോൾ ഡോട്ട് കോം പുറത്ത് വിടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌.

-Advertisement-

വരുന്ന കോപ്പ അമേരിക്ക അർജന്റീനയിൽ വെച്ചു തന്നെയാണ് നടക്കുന്നതെന്നതിനാൽ തങ്ങൾക്ക് ഒരല്പം കിരീട സാധ്യത അടുത്ത തവണയുണ്ടെന്നാണ് മെസി കരുതുന്നത്. ഖത്തറിൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിന് മുൻപ് മികച്ച മുന്നൊരുക്കം നടത്താനുള്ള അവസരമാണ് ഈ കോപ്പയെന്ന് മെസി വിശ്വസിക്കുന്നതായും ഗോൾ ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ക്ലബ്ബ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കൊപ്പം ചേർന്ന് കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് സഞ്ചരിക്കുന്ന മെസിക്ക് പക്ഷേ ദേശീയ സീനിയർ ടീമിനൊപ്പം ഇതു വരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. 2014 ലോകകപ്പ്, 2015, 2016 വർഷങ്ങളിലെ കോപ്പ അമേരിക്ക ടൂർണമെന്റ് എന്നിവയിൽ അർജന്റീനയ്ക്കൊപ്പം ഫൈനലിൽ എത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ കാലിടറുകയായിരുന്നു.