SHARE
file image

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയെന്ന് ചോദിച്ചാൽ ലയണൽ മെസിയെന്നും, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നും പറയാൻ ഫുട്ബോൾപ്രേമികൾക്ക്‌യാതൊരു സംശയവുമുണ്ടാകില്ല എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യം പലരേയും ബുദ്ധിമുട്ടിലാക്കും. അങ്ങനെ പല ഫുട്ബോൾ പ്രേമികളേയും ഫുട്ബോൾ പണ്ഡിതന്മാരെയും കുഴപ്പത്തിലാക്കിയ ആ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം വെയിൻ റൂണി.

മെസിയാണോ റൊണാൾഡോയാണോ മികച്ച താരമെന്ന ചോദ്യത്തിന്, ലയണൽ മെസിയെന്നായിരുന്നു യാതൊരു സംശയവുമില്ലാതെ റൂണി മറുപടി നൽകിയത്. എന്ത് കൊണ്ടാണ് റൊണാൾഡൊയെ മറികടന്ന് മെസിയെ മികച്ച താരമായി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഉത്തരമായി റൂണി ഇങ്ങനെ പറഞ്ഞു, ” ഞാൻ ഇക്കാര്യം മുൻപും പല തവണ പറഞ്ഞിട്ടുണ്ട്. ഇരുവരും മികച്ച താരങ്ങളാണ്. എന്നാൽ എനിക്ക് തോന്നുന്നു മെസിയാണ് കൂട്ടത്തിൽ കുറച്ച് കൂടി മഹാനായ കളികാരൻ “.

അതേ സമയംമുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചിരുന്ന താരങ്ങളാണ് റൊണാൾഡോയും റൂണിയും. അത്തരത്തിൽ റോണോയെ വളരെ അടുത്തറിയാമായിരുന്നിട്ട് കൂടി അദ്ദേഹത്തെ മികച്ച ‌താരമായി റൂണി തിരഞ്ഞെടുക്കാത്തത് കുറച്ച് ആരാധകരെയെങ്കിലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്‌. 2004 മുതൽ 2009 വരെയായിരുന്നു റൂണിയും റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് പന്ത് തട്ടിയത്. ശേഷം ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. റൂണി നിലവിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ടീമായ ഡിസി യുണൈറ്റഡിന്റെ താരമാണ്.