SHARE

ഒരു ഔദ്യോ​​ഗിക പ്രസ്താവന പിന്നാലെ നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ. ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ, അതും രണ്ട് പതിറ്റാണ്ടിലേറെ ഒപ്പമുള്ള താരം ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ അറിയിച്ചത് ഇങ്ങനെയാണ്. ലയണൽ മെസിയുടെ ഭാവിയെച്ചൊല്ലി ഇനിയുമൊരു ട്വിസ്റ്റിന് സാധ്യതയുണ്ടോ എന്ന് ആരാധകർക്ക് മുന്നിൽ വീണ്ടും ചോദ്യമുയരാൻ ബാഴ്സയുടെ ഈ അസ്വാഭാവികത നിറഞ്ഞ പ്രഖ്യാപനം തന്നെ ധാരാളം.

ഉന്ന് ഉച്ചവരെ പുറത്തുവന്നിരുന്ന സൂചനകൾ മെസി ഉടൻ പുതിയ കരാർ ഒപ്പുവയ്ക്കും എന്ന തരത്തിലായിരുന്നു. എന്നാൽ രാത്രി പതിനൊന്നരയോടെ ആരും പ്രതീക്ഷിക്കാതെയാണ് മെസി ക്ലബ് വിടുകയാണെന്ന് ബാഴ്സ പ്രഖ്യാപിച്ചത്. ക്ലബിൽ തുടരരാൻ മെസിക്കും മെസിയെ നിലനിർത്താൻ ക്ലബിനും താൽപര്യമുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ധാരണയിലുമെത്തിയിരുന്നു. എന്നാൽ ലാ ലി​ഗയുടെ സാമ്പത്തിക-നിയമ തടസങ്ങളാലാണ് കരാർ പുതുക്കാനാകാതിരുന്നത്.

ഈ കാര്യങ്ങളെല്ലാം പ്രസ്താവനയിൽ ക്ലബ് പറയുന്നുണ്ട്. ഇതോടെ സാമ്പത്തിക ചട്ടങ്ങളിൽ ഇളവ് ലഭിക്കാനായി ബാഴ്സ ലാ ലി​ഗയെ സമ്മർദത്തിലാക്കാൻ നടത്തിയ പണിയാണോ ഈ പ്രഖ്യാപനം എന്ന ചോദ്യമുയരുന്നുണ്ട്. മെസി-ബാഴ്സ ആരാധകരാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് പറയുന്നത്.

അടുത്ത സീസണിലേക്ക് കളിക്കാരെ രജിസ്റ്റർ ചെയ്യാൻ ഇനിയും സമയം ധാരാളമുണ്ട്. സാധാരണ​ഗതിയിൽ അവസാന നിമിഷം വരെ ഒരു താരത്തെ ഒപ്പം കൂട്ടാൻ ക്ലബ് ശ്രമിക്കുന്നതാണ്. എന്നാൽ ഇവിടെ ക്ലബിനൊപ്പം തുടരണമെന്ന് ആ​ഗ്രഹിക്കുന്ന മെസിയുടെ കാര്യത്തിൽ ബാഴ്സ ഇത്ര നേരത്തെ തീരുമാനമെടുത്തതെന്തിനാണെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.

മെസി ക്ലബ് വിടുകയാണെന്ന് ബാഴ്സ പ്രഖ്യാപിച്ചശേഷവും ഇതേക്കുറിച്ച് മെസിയുടെ സഹതാരങ്ങളോ, ബാഴ്സ മുൻ താരങ്ങളോ ആരും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ നാളെ ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട പ്രത്യേക പത്രസമ്മേളനം നടത്തുമെന്നാണ് പ്രശസ്ത ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തത്. ഇതിൽ മെസിയുടെ കാരറിനെക്കുറിച്ച് ലാപോർട്ട സംസാരിക്കുമെന്നാണ് സൂചന.