SHARE

ബാഴ്സലോണയ്ക്കൊപ്പമുള്ള മൂന്ന് പരിശീലന സെഷനുകൾ കഴിഞ്ഞ സമയം തന്നെ സെർജിയോ ബുസ്കെറ്റസിനെ ലയണൽ മെസിക്ക് ഇഷ്ടമായെന്നും, ബുസ്ക്കെറ്റസിനെ പുകഴ്ത്തി അന്ന് മെസി തന്നോട് ഒത്തിരി സംസാരിച്ചെന്നും മുൻ ബാഴ്സ പരിശീലകൻ പെപ് ഗാർഡിയോള. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് ബുസ്കെറ്റസ് ടീമിലെത്തിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബാഴ്സലോണയിലെ ആദ്യ പരിശീലന സെഷനുകളെക്കുറിച്ചും ഗാർഡിയോള മനസ് തുറന്നത്.

ബാഴ്സലോണ ബി ടീം താരമായിരുന്ന ബുസ്കെറ്റസ് 2008-09 സീസണിൽ പെപ് ഗാർഡിയോള അവരുടെ പരിശീലകനായിരുന്ന സമയത്താണ് സീനിയർ ടീമിലേക്ക് എത്തുന്നത്‌. ആ സമയത്തെക്കുറിച്ച് ഗാർഡിയോള പറയുന്നതിങ്ങനെ, ” ബുസ്കെറ്റസ് ബാഴ്സലോണ‌ ടീമിലെത്തിയ സമയമാണ്‌. ടീമിനൊപ്പമുള്ള ആദ്യ പരിശീലന സെഷനിൽത്തന്നെ ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. മൂന്ന് ദിവസത്തെ അദ്ദേഹത്തിന്റെ പരിശീലനത്തിന്‌ ശേഷം സൂപ്പർ താരം ലയണൽ മെസി തനിക്കരികിലെത്തി അദ്ദേഹത്തിന് ബുസ്കറ്റസിനെ ഏറെ ഇഷ്ടമായെന്ന് പറഞ്ഞു. എവിടെ പ്രശ്നമുണ്ടോ, അവിടെ ബുസ്കറ്റസുണ്ടാകുമെന്നായിരുന്നു മെസിയോട് തന്റെ മറുപടി”. ഗാർഡിയോള‌പറഞ്ഞുനിർത്തി.

അതേ സമയം 2008 ൽ ബാഴ്സലോണയിലെത്തിയ ബുസ്കെറ്റസ്, പതിയെ പതിയെ അവരുടെ വിശ്വസ്ത താരമായി മാറുകയായിരുന്നു. ബാഴ്സ ജേഴ്സിയിൽ ഏഴ് ലാ ലീഗാ കിരീടങ്ങൾ സ്വന്തമാക്കിയ ഈ സ്പാനിഷ് താരം, മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ടീമിനൊപ്പം നേടിയിട്ടുണ്ട്.