SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ ലയണല്‍ മെസിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കെതിരെ മികച്ച റിക്കാര്‍ഡാണുള്ളത്. ഇംഗ്ലീഷ് ക്ലബുകളുമായുള്ള 16 മത്സരങ്ങളില്‍ നിന്ന് മെസി അടിച്ചുകൂട്ടിയത് 17 ഗോളുകള്‍.ഇതില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഹാട്രിക്കും, ആഴ്‌സനലിനെതിരായ നാല് ഗോള്‍ പ്രകടനവും, യുണൈറ്റഡിനെതിരെ രണ്ട് ഫൈനലുകളിലെ ഗോളുകളും ഉള്‍പ്പെടും.

എന്നാല്‍ നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിക്കെതിരെ മെസിയുടെ റെക്കോര്‍ഡ് അതി ദയനീയമാണ്. തമ്മില്‍ ഏറ്റുമുട്ടിയത് എട്ടുതവണ. മെസി നേടിയ ഗോളുകളുടെ എണ്ണം വട്ടപ്പൂജ്യം. 29 തവണ ഗോള്‍വല ലക്ഷ്യമിട്ട് ഷോട്ടുതിര്‍ത്തു.ഒന്നുകില്‍ പീറ്റര്‍ ചെക്കോ, അതല്ലെങ്കില്‍ ക്രോസ്ബാറോ തടസമായി നിന്നു. ചെല്‍സിക്കെതിരെ ഒരു പെനാല്‍റ്റിയും മെസി പാഴാക്കിയിട്ടുണ്ട്. ബാഴ്‌സലോണയ്ക്കായി 600-ലേറ മത്സരങ്ങളില്‍ നിന്ന് 520-ലേറെ ഗോളുകള്‍ നേടിയ മെസി ചെല്‍സിയുടെ വലകുലുക്കിയിട്ടില്ലെന്നത് അവിശ്വസനീയമാണ്. ഏതെങ്കിലും ഒരു ക്ലബിനെതിരെ ലയണ്ല്‍ മെസിയുടെ ഏറ്റവും മോശം റിക്കാര്‍ഡാണിത്.

2005-06 സീസണിലാണ് മെസി ആദ്യമായി ചെല്‍സിക്കെതിരെ ഏറ്റുമുട്ടിയത്. അന്ന് ഒരു മത്സരം ബാഴ്‌സ വിജയിച്ചു. ആകെ ഗോളിന്റെ അടിസ്ഥാനത്തിലും വിജയം ബാഴ്‌സക്കായിരുന്നു. എന്നാല്‍ മെസി ഗോളടിച്ചില്ല. തൊട്ടടുത്ത സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഒന്ന് ചെല്‍സി ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയായി. 2009- ചാമ്പ്യന്‍സ് ലീഗ് സെമിയാണ് ഇരു ടീമുകളും തമ്മിലുളള വിവാദ മത്സരം. ആദ്യ പാദം ബാഴ്‌സയുടെ മൈതാനത്ത് ഗോള്‍ രഹിത സമനില.

രാണ്ടാം പാദത്തിലാണ് വിവാദങ്ങള്‍ അരങ്ങേറിയത്. ചെല്‍സിക്ക് അനുകൂലമായ നാലോളം പെനാല്‍റ്റികള്‍ റഫറി വിളിക്കാതിരുന്നാതാണ് വിവാദത്തിന് കാരണം. മത്സരത്തിന്റെ അവസാന നിമിഷം ആന്ദ്രേ ഇനിയേസ്റ്റ നേടിയ ഗോളില്‍ സമനില നേടിയ ബാഴ്‌സ, എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനലിലേക്ക്. 2012-ല്‍ ഇരു ടീമുകളും സെമിയില്‍ വീണ്ടും ഏറ്റമുട്ടി. കണക്ക് തീര്‍ത്ത് ചെല്‍സി ഫൈനലിലെത്തി, കിരീടവുമായാണ് മടങ്ങിയത്.

നേര്‍ക്ക് നേര്‍ ഏറ്റ് മുട്ടിയ എട്ടില്‍ ആറ് തവണയും പീറ്റര്‍ ചെക്കായിരുന്നു മെസിക്ക് തടസമായി നിന്നത്. പിന്നീട് ചെല്‍സി വിട്ട ചെക്ക് ആഴ്‌സനലില്‍ ചേര്‍ന്നു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സനലിതിരായ ഗോളോടെ പീറ്റര്‍ ചെക്കിനെതിരെ ഗോളടിക്കാനായില്ലെന്ന മോശം റിക്കാര്‍ഡ് മെസി തിരുത്തി.

ഇക്കുറി ചാമ്പ്യന്‍സ് ലീഗ് ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാന്‍ അവസരമൊരുക്കുന്നു.അന്ന് മെസിയെ തടഞ്ഞ ഗോളി പീറ്റര്‍ ചെക്ക്. പ്രതിരോധതാരങ്ങളായ ജോണ്‍ ടെറി, ബ്രാന്‍സിലാവ് ഇവാനോവിച്ച് തുടങ്ങിയവര്‍ ഇന്ന് നീലപ്പടയില്‍ ഇല്ല. ഗാരി കാഹിലും, സെസാര്‍ അസ്പിലിക്യൂട്ടയും, ഡേവിഡ് ലൂയിസുമടങ്ങുന്ന ഇപ്പോഴത്തെ പ്രതിരോധ നിരയും കരുത്തര്‍ തന്നെ. മെസിയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ സീസണില്‍ ഇതുവരെ നേടിയത് മൂന്ന് ഗോള്‍ മാത്രമാണ്.

അവസാനം ഏറ്റമുട്ടിയപ്പോള്‍ വിജയിച്ചെങ്കിലും, 2009-ലെ അര്‍ഹിച്ച വിജയം തടഞ്ഞത് ചെല്‍സി ആരാധകര്‍ മറന്നിട്ടില്ല. അതിന്റെ കനലുകള്‍ ഇപ്പോഴുംഅവരുടെ ഉള്ളിലുണ്ട്. തീപാറുന്ന മത്സരത്തിനായിരിക്കും ന്യൂകാമ്പും സ്റ്റാഫോഡ് ബ്രിഡ്ജും കാത്തിരിക്കുന്നതെന്ന കാര്യം ഉറപ്പ്.