SHARE

ബാഴ്‌സയില്‍ സൂപ്പര്‍ താരം മെസ്സിക്കു പിന്‍ഗാമിയാരാവും. താനിനി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ബാഴ്‌സയില്‍ ഉണ്ടാവില്ലെന്നു മെസ്സി ചില സൂചനകള്‍ നല്‍കിയതായി അന്താരാഷ്ട്ര സ്‌പോര്‍ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകളും സജീവമാകുന്നത്. എന്നാല്‍ തന്റെ പിന്‍ഗാമിയാരാവണമെന്ന സൂചന മെസ്സി തന്നെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പിഎസ്ജിയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറെയാണ് മെസ്സി തനിക്കു പകരക്കാരനെന്ന രീതിയില്‍ ക്ലബ്ബിലെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരിക്കുന്നത്. മെസ്സിയും നെയ്മറും ലൂയി സുവാരസിന്റെ വിവാഹ വാര്‍ഷിക വേളയില്‍ ഒന്നിച്ചപ്പോള്‍ മെസ്സി നേരിട്ട് നെയ്മറുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചന.

ഒപ്പം മെസ്സി നെയ്മര്‍ക്കയച്ച വാട്‌സാപ്പ് സന്ദേശങ്ങളും ഇതു സ്ഥിരീകരിക്കുന്നതായിരുന്നു. ബാഴ്‌സയിലേയ്ക്ക് വരൂ. ഒന്നിച്ചു നിന്നാല്‍ നമുക്കു ചാമ്പ്യന്‍സ് ലീഗ് നേടാം എന്ന സന്ദേശം മെസ്സി നെയ്മര്‍ക്കും നല്‍കിയിരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോ കാലാവധി അവസാനിക്കുന്നതു വരെ നെയ്മര്‍ സ്‌പെയിനിലെത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ പിഎസ്ജി ആവശ്യപ്പെടുന്ന വന്‍ തുകയുടേയും മറ്റ് ഡിമാന്റുകളുടേയും മുന്നിലാണ് ചര്‍ച്ചകള്‍  ഫലം കാണാതെ പോയത്.

എന്നാല്‍ ജനുവരി വിന്‍ഡോയില്‍ റയല്‍ വീണ്ടും ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ മെസ്സിയിലൂടെ ബാഴ്‌സ നെയ്മര്‍ക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന്റെ സൂചനയായും ഈ വാര്‍ത്തകളെ കാണാം