SHARE

റഷ്യൻ ലോകകപ്പിലെ ദേശീയ ടീമിന്റെ നിരാശാജനകമായ പ്രകടത്തിന് ശേഷമാണ് അർജന്റൈൻ ടീമിൽ നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കാൻ പോവുകയാണെന്ന് സൂപ്പർ താരം ലയണൽ മെസി പ്രഖ്യാപിച്ചത്‌. ഇതേത്തുടർന്ന് ഈ മാസമാദ്യം കൊളംബിയക്കെതിരെയും, ഗ്വാട്ടിമാലയ്ക്കെതിരെയും നടന്ന അവരുടെ സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല‌. എന്നാൽ ഇങ്ങനെയാണെങ്കിലും അടുത്ത മാസം ബ്രസീലിനെയും, സൗദി അറേബ്യയേയും നേരിടുന്ന അർജന്റൈൻ ടീമിലേക്ക് താരം തിരിച്ചെത്തുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ഇപ്പോളിതാ ഈ മത്സരങ്ങളിലും മെസിയുടെ സേവനം അർജന്റീനയ്ക്കൊപ്പമുണ്ടാകില്ലെ‌‌ന്ന് ഉറപ്പായിരിക്കുന്നു.

ദേശീയ ടീമിലേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ മെസിയുമായി‌സംസാരിച്ചതായും, എന്നാൽ കുറച്ച് നാൾ കൂടി ടീമിൽ നിന്ന് വിട്ട് നിൽക്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണെന്നും അർജന്റൈൻ ദേശീയ പരിശീലകൻ സ്കലോണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് മെസിയില്ലാ അർജന്റീനയാവും അടുത്ത മാസവും സൗഹൃദ മത്സരങ്ങളിൽ കളിക്കുക എന്ന് വ്യക്തമായത്.

ഒക്ടോബർ പതിനൊന്നാം തീയതി സൗദി അറേബ്യയേയും, അഞ്ച് ദിവസങ്ങൾക്കപ്പുറം ചിരവൈരികളായ ബ്രസീലുമായും അർജന്റീന ഏറ്റുമുട്ടും. റഷ്യൻ ലോകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടതിന്‌ ശേഷം മെസി ഇതേ വരെ ദേശീയ ടീം ജേഴ്സിയണിഞ്ഞിട്ടില്ല.