SHARE

കോപ്പ അമേരിക്കയിൽ ഇന്നലെ ചിലെയ്ക്കെതിരായണ് അർജന്റീന ആദ്യ മത്സരം കളിച്ചത്. മത്സരം സമനിലയിൽ കലാശിച്ചു. എന്നാൽ ഇതിഹാസം ലണയൽ മെസി തന്നെയാണ് മത്സരത്തിൽ അർജന്റീനയുടെ താരമായത്. കിടിലൻ ഫ്രീക്കിക്കിലൂടെ മെസിയാണ് അർജന്റീനയുടെ ഏക ​ഗോൾ നേടിയത്.

ചിലെയ്ക്കെതിരായ ​ഗോൾവല ചലിപ്പിച്ചതോടെ, ഡയറക്ട് ഫ്രീക്കിക്കിൽ നിന്ന് മെസി ഇതുവരെ നേടിയ ​ഗോളുകളുടെ എണ്ണം 57 ആയി. ഇതിൽ 50 തവണ ബാഴ്സയ്ക്കായും ഏഴ് തവണ അർജന്റീനയ്ക്കായുമാണ് മെസി വലകുലുക്കിയത്. ഇതുവരെ 57 തവണ ഫ്രീക്കിക്ക് വലയിലെത്തിച്ചെങ്കിലും ഇക്കാര്യത്തിൽ മെസി ഇപ്പോഴും ആദ്യ പത്തിൽ എത്തിയിട്ടില്ല.

കരിയറിൽ ഇതുവരെ 77 തവണ ഫ്രീക്കിക്ക് വലയിലെത്തിച്ച ബ്രസീൽ താരം ജുനീന്യോ പെർണാംബുക്കാനോയാണ് ഒന്നാമൻ. ബ്രസീലിന്റെ തന്നെ ഇതിഹാസം പെലെ, 70 ഫ്രീക്കിക്ക് ​ഗോളുകളുമായി രണ്ടാമതുണ്ട്. അർജന്റീനയുടെ വിക്ടർ ലോ​ഗ്രോടാ​ഗ്ലിയെയാണ് മൂന്നാമത്. ബ്രസീലിന്റെ റൊണാൾഡീന്യോ, ഇം​ഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ. 62 ഫ്രീക്കിക്ക് ​ഗോളുകളുള്ള ഡീ​ഗോ മറഡോണ, സീക്കോ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇപ്പോഴത്തെ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ 60 ​ഗോളുകളുമായി എട്ടാമതുണ്ട്.

ബ്രസീൽ താരങ്ങളായ മാഴ്സെലീന്യോ, റോജേറിയോ സെനി എന്നിവർ 59 ​ഗോളുകളുമായി ഒമ്പത്, പത്ത് സ്ഥാനങ്ങളിലുണ്ട്. ഇനി രണ്ട് ഫ്രീക്കിക്ക് ​ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ മെസിക്ക് ആദ്യ പത്തിലേക്ക് മുന്നേറാം. പോർച്ചു​ഗീസ് ഇതി​ഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടേ പേരിൽ 56 ഡയറക്ട് ഫ്രീക്കിക്ക് ​ഗോളുകളാണുള്ളത്.