SHARE

കഴിഞ്ഞ വർഷം റഷ്യയിൽനടന്ന ലോകകപ്പിന് ശേഷം അർജന്റീനൻ ജേഴ്സിയിൽ തന്റെ ആദ്യ മത്സരത്തിനിറങ്ങാൻ ഒരുങ്ങി സൂപ്പർ താരം ലയണൽ മെസി. ഇന്ത്യൻസമയം നാളെ പുലർച്ചെ 1.30 ന് വെനസ്വേലയ്ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ കളിച്ചുകൊണ്ടാകും മെസി ദേശീയ ജേഴ്സിയിലേക്ക് മടങ്ങിയെത്തുന്നത്. മത്സരത്തിനുള്ള അർജന്റീനയുടെ ആദ്യ ഇലവനിൽ മെസിയുണ്ടാകുമെന്ന് പരിശീലകൻ സ്കലോണി പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ വലിയ ആവേശത്തിലാണ് നിലവിൽ അർജന്റൈൻ ആരാധകർ.

നേരത്തെ റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനെതിരെയായിരുന്നു മെസി അവസാനമായി ദേശീയ ജേഴ്സിയിൽ കളിച്ചത്. അന്ന് മൂന്നിനെതിരെ നാല് ഗോളുകൾക്ക് ടീം പരാജയപ്പെടുകയായിരുന്നു. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ അർജന്റീന പുറത്തായതിന് ശേഷം കുറച്ച് നാളത്തേക്ക് ടീമിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച മെസി പിന്നീട് ഒൻപത് മാസത്തോളം പുറത്തിരുന്നതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ദേശീയ ടീമിലെത്തിയിരിക്കുന്നത്.