SHARE

മാന്ത്രിക പാദങ്ങളുമായി കളിക്കളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അര്‍ജന്റീനയുടേയും ബാഴ്‌സലോണയുടേയും സൂപ്പര്‍ താരം ലെയണല്‍ മെസ്സി വീണ്ടും ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹനായി. ആറു തവണ ഈ പുരസ്‌കാരം നേടുക എന്ന ചരിത്ര നേട്ടം കൂടിയാണ് ഇത്തവണ ബാലന്‍ ഡി ഓറില്‍ മുത്തമിട്ടപ്പോള്‍ മെസ്സി സ്വന്തമാക്കിയത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും വിര്‍ജില്‍ വാന്‍ദെയ്കിനേയും സാദിയോ മാനെയെയും പിന്നിലാക്കിയാണ് മെസ്സിയുടെ പുരസ്‌കാര നേട്ടം. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും മെസ്സി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

കഴിഞ്ഞ സീസണില്‍ ലാലിഗയിലും ഒപ്പം യൂറോപ്പിലും മികച്ച പ്രകടനമായിരുന്നു മെസ്സി കാഴ്ച വെച്ചത്. ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററായിരുന്നു മെസ്സി. ആറു തവണ ബാലന്‍ ഡി ഓര്‍ നേടിയതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഞ്ച് തവണ ബാലന്‍ ഡി ഓര്‍ എന്ന നേട്ടവും മെസ്സിക്കു മുമ്പില്‍ വഴി മാറി. 2009,2010,2011,2012 2015 എന്നീ വര്‍ഷങ്ങളിലാണ് മെസ്സി മുമ്പ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ളത്.

ഡച്ച് താരം ഡിലിറ്റ് മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 21 വയസ്സുവരെയുള്ള താരങ്ങളെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ അയാക്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഡിലിറ്റിന് തുണയായത്. ഇപ്പോള്‍ യുവന്റസ് താരമാണ് ഡി ലിറ്റ്.

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ബ്രസീലിന്റെ അലിസണ്‍ ബക്കര്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ അലിസണെ സംബന്ധിച്ചടത്തോളം ഏറ്റവും മികച്ച സീസണായിരുന്നു തന്റെ ക്ലബ്ബിനു വേണ്ടിയും ഒപ്പം രാജ്യത്തിനു വേണ്ടിയും മികച്ച പ്രകടനമായിരുന്നു അലിസണ്‍ പുറത്തെടുത്തത്.