SHARE

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനനുമായി സൂപ്പര്‍ താരം ലെയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ ബാഴ്‌സലോണ കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഈ വിജയത്തോടെ ബാഴ്‌സലോണയ്ക്കായി 500 വിജയങ്ങള്‍ നേടുന്ന താരമായി മെസ്സി മാറി. ലഗാനെസിനെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം.

നാലാം മിനിട്ടില്‍ ഗ്രീസ്മാനാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 27-ാം മിനിറ്റില്‍ ക്ലെമന്റ് ലെഗ്ലെറ്റും ഗോള്‍ നേടി ലീഡുയര്‍ത്തി. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡാണ് ബാഴ്‌സയ്ക്ക് ലഭിച്ചത്. എങ്കിലും ഗോള്‍ വേട്ട അവസാനിച്ചിരുന്നില്ല.

59-ാം മിനിട്ടില്‍ മെസ്സിയാണ് എതിര്‍വല കുലുക്കിയത്. തുടര്‍ന്ന് പകരക്കാരനായെത്തി ആര്‍തറിന്റെ വകയായിരുന്നു നാലാം ഗോള്‍. 89-ാം മിനിറ്റില്‍ മെസ്സി ഇരട്ടഗോള്‍ തികച്ചപ്പോള്‍ വിജയം 5-0 ത്തിന് ബാഴ്‌സയ്ക്ക് സ്വന്തം. കഴിഞ്ഞ കളിയില്‍ വാലന്‍സിയയോട് 2-0 ത്തിന്റെ പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.