SHARE
പ്രതിഷേധിച്ച് കളിക്കാതെ നിൽക്കുന്ന വെരാക്രൂസ് നായകൻ(ചുവപ്പ്)

മാസങ്ങളായി വേതനം മുടങ്ങിയതിൽ വേറിട്ട പ്രതിഷേധവുമായി മെക്സിക്കൻ ക്ലബ് വെരാക്രൂസ് താരങ്ങൾ. കിക്കോഫിന് പിന്നാലെ നാല് മിനിറ്റ് കളിക്കാൻ വിസമ്മതിച്ച താരങ്ങൾ എതിർ ടീമിന് രണ്ട് ​ഗോൾ നേടാൻ അവസരമൊരുക്കിയാണ് പ്രതിഷേധം രേഖരപ്പെടുത്തിയത്.

മെക്സിക്കോയിലെ ഒന്നാം ഡിവിഷൻ ക്ലബാണ് വെരാക്രൂസ്. കഴിഞ്ഞ ദിവസം ടൈ​ഗേഴ്സിനെതിരായ മത്സരത്തിലാണ് വെരാക്രൂസ് താരങ്ങളുടെ പ്രതിഷേധം. വെരാക്രൂസ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിക്കോഫിന് പിന്നാലെയുള്ള ഒരു മിനിറ്റ് ടൈ​ഗേഴ്സ് കളിച്ചില്ല. എന്നാൽ തുടർന്നും വെരാക്രൂസ് താരങ്ങൾ കളിക്കാൻ വിസമ്മതിച്ച് ​ഗ്രൗണ്ടിൽ വെറുതെ നിന്നു. ഈ സാഹചര്യത്തിൽ രണ്ട് തവണ ടൈ​ഗേഴ്സ് ​ഗോളും നേടി. വെരാക്രൂസ് താരങ്ങൾ നോക്കിനിൽക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് നാലാം മിനിറ്റിൽ മാത്രമാണ് വെരാക്രൂസ് കളിക്കാൻ തുടങ്ങിയത്.

സംഭവം വിവാദമാകുകയും ലോകശ്രദ്ധനേടുകയും ചെയ്തു. വെരാക്രൂസ് താരങ്ങൾ പ്രതിഷേധിച്ച് നിന്ന സമയത്ത് ടൈ​ഗേഴ്സ് ​ഗോൾ നേടിയത് വിമർശനത്തിന് ഇടയാക്കി. മൂന്ന് മിനിറ്റ് പ്രതിഷേധിക്കാൻ ഇരുടീമുകളും തീരുമാനിച്ചതായിരുന്നെന്നും എന്നാൽ ടൈ​ഗേഴ്സ് അത് ലംഘിച്ചെന്നും വെരാക്രൂസ് താരം എയ്ഞ്ചൽ റെയ്ന പറഞ്ഞു.

എന്നാൽ ഒരു മിനിറ്റ് വെരാക്രൂസിനൊപ്പം പ്രതിഷേധിക്കാൻ തീരുമാനിച്ചതായിരുന്നെന്നും എന്നാൽ കിക്കോഫിന് തൊട്ടുമുമ്പ് അവരുടെ ക്യാപ്റ്റൻ വന്ന് അഞ്ച് മിനിറ്റ് പ്രതിഷേധം അവശ്യപ്പെടുകയും അത് നിഷേധിക്കുകയായിരുന്നെന്നും ടൈ​ഗേഴ്സ് നായകൻ ​ഗ്വീഡോ പിസാറോ പറഞ്ഞു.

ആറ് മാസത്തിലേറെയായി പല കളിക്കാർക്കും വേതനം ലഭിച്ചിട്ടെന്നാണ് വെരാക്രൂസ് പറയുന്നത്. ഇതോടെ ടൈ​ഗേഴ്സിനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇവർ തീരുമാനിച്ചതായിരന്നു. എന്നാൽ മത്സരം മുടക്കിയാൽ തരംതാഴ്ത്തുമെന്ന് അധികൃതർ പറഞ്ഞതോടെയാണ് താരങ്ങൾ കളിക്കാൻ തയ്യാറായത്.