SHARE

ദക്ഷിണ കൊറിയക്കെതിരെ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെക്‌സിക്കോ ഒരു ഗോളിന് മുന്നില്‍. പെനാല്‍ട്ടിയിലൂടെ കാര്‍ലോസ് വെലയാണ് മെക്‌സിക്കോയെ മുന്നിലെത്തിച്ചത്. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് മെക്‌സിക്കോ കളിക്കുന്നത്. നേരത്തെ സ്വീഡനെതിരെ പരാജപ്പെട്ട കൊറിയക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും നടത്തിയത്. മെക്‌സിക്കോ ജര്‍മ്മനിക്കെതിരെ നടത്തിയ പ്രകടനം തുടര്‍ന്നപ്പോള്‍ ഹ്യൂഗ്മിന്‍ സണ്‍ കൊറിയന്‍ മുന്നേറ്റത്തെ നയിച്ചു. ഗോള്‍ നേടാന്‍ ഒന്നിലധികം അവസരങ്ങളാണ് സണ്ണിന് ലഭിച്ചത്. എന്നാല്‍ അതൊന്നും മുതലാക്കാന്‍ ടോട്ടനം താരത്തിന് കഴിഞ്ഞില്ല.

26ാം മിനുട്ടില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. കൊറിയന്‍ ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധ താരത്തിന്റെ കൈയില്‍ പന്ത് തട്ടുന്നു. ഉടന്‍ തന്നെ റഫറി മെക്‌സിക്കോയ്ക്ക് പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുക്ക കാര്‍ലോസ് വെലയ്ക്ക് പിഴച്ചില്ല. മെക്‌സിക്കോ ഒരു ഗോളിന് മുന്നില്‍.