SHARE

പതിനഞ്ചാം എഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന് മുൻപായി ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ ടീമിൽ നിലനിർത്താൻ ബിസിസിഐ അനുവദിച്ചിരിക്കുന്ന സമയം ഈ മാസം മുപ്പതിന് അവസാനിക്കുകയാണ്. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ കളിച്ച എട്ട് ടീമുകൾക്കും പരമാവധി 4 താരങ്ങളെ വരെ ടീമിൽ നിലനിർത്താനാണ് ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്‌‌. ഇപ്പോളിതാ ഐപിഎല്ലിൽ ഏറ്റവും മികച്ച റെക്കോർഡുള്ള മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ഏതൊക്കെ താരങ്ങളെയാണ് ടീമിൽ നിലനിർത്തേണ്ടതെന്ന കാര്യത്തിൽ നിർണായക തീരുമാനമെടുത്തെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

നായകൻ രോഹിത് ശർമ്മ, സ്റ്റാർ പേസർ ജസ്പ്രിത് ബുംറ എന്നിവരെ ടീമിൽ നിലനിർത്താൻ മുംബൈ തീരുമാനിച്ചു കഴിഞ്ഞെന്നും, യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെയും അവർ റിട്ടെയിൻ ചെയ്യുന്ന കാര്യം ഏറെക്കുറെ ഉറപ്പാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2010 മുതൽ ടീമിനൊപ്പമുള്ള വിൻഡീസ് ഓൾ റൗണ്ടർ കീറൺ പൊള്ളാർഡിനേയും മുംബൈ നിലനിർത്തിയേക്കുമെന്നും ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം തങ്ങളുടെ മറ്റൊരു സൂപ്പർ താരമായ സൂര്യകുമാർ യാദവിനെ മെഗാലേലത്തിൽ നിന്ന് ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതികളും മുംബൈ ഇന്ത്യൻസിനുണ്ടെന്നാണ് സൂചനകൾ. എന്നാൽ സമീപകാലത്തായി മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവിന് ലേലത്തിൽ വൻ ഡിമാൻഡുണ്ടാകുമെന്നത് ഉറപ്പാണെന്നതിനാൽ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള മുംബൈയുടെ നീക്കങ്ങൾ വിജയം കാണുമോയെന്ന് കണ്ടറിയണം.