ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഇല്ലാതാക്കാനുള്ള ഐ സി സി നീക്കങ്ങളെ പിന്തുണച്ച് പാക് ഇതിഹാസതാരം ജാവേദ് മിയാന്‍ദാദ്. ഇത്തരം നീക്കങ്ങള്‍ ഹോം ടീമിനെ അവര്‍ക്ക് അനുകൂലമായ പിച്ച് ഒരുക്കുന്നതില്‍ നിന്ന് തടയുമെന്നും നല്ല പിച്ചുകള്‍ മത്സരത്തിനായി ഒരുക്കപ്പെടുമെന്നും മുന്‍ പാക് നായകന് കൂടിയായ മിയാന്‍ദാദ് പറഞ്ഞു. പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ഒരു തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഐ സി സി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ടോസ് ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ ഹോം ടീമുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഐ സി സി നടത്തുന്നത്. പുതിയ മാറ്റമനുസരിച്ച് സന്ദര്‍ശക ടീമിന് തീരുമാനിക്കാം, ആര് ആദ്യം ബാറ്റ് ചെയ്യണമെന്ന കാര്യം. എന്നാല്‍ പുതിയ പരീക്ഷണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
മെയ് 28, 29 തിയ്യതികളില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഐ സി സി ക്രിക്കറ്റ് കമ്മിറ്റി മീറ്റിംഗില്‍ ടെസ്റ്റില്‍ നിന്ന് ടോസ് ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അനില്‍ കുംബ്ലെ, ആന്‍ഡ്ര്യൂ സ്ട്രോസ്, മഹേല ജയവര്‍ധനെ, രാഹുല്‍ ദ്രാവിഡ്, ടിം മേയ്, ഡേവിഡ് വൈറ്റ്, റിച്ചാര്‍ഡ് കെറ്റില്‍ബോറോ, രഞ്ജന്‍ മഡുഗല്ലെ, ഷോണ്‍ പൊള്ളോക്ക്, ക്ലെയര്‍ കോണോര്‍ എന്നിവര്‍ക്കൊപ്പം നിലവിലെ അന്താരാഷ്ട്ര കോച്ചുമാരുടെ പ്രതിനിധിയും മീറ്റിംഗില്‍ പങ്കെടുക്കുന്നുണ്ട്.