SHARE

ഡിസംബർ 26 ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയെ കളിപ്പിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കണമെന്ന് മുൻ ഓസീസ് താരം മൈക്ക് ഹസി. പാണ്ട്യയുടെ വരവ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകുമെന്നും ടീമിനെ ബാലൻസ് ചെയ്യാൻ പാണ്ട്യയുടെ സാന്നിധ്യം ഉപകരിക്കുമെന്നും ഹസി പറയുന്നു.

രണ്ടാം ടെസ്റ്റ് നടന്ന പെർത്തിലെ വിക്കറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാം ടെസ്റ്റ് നടക്കുന്ന മെൽബണിലേതെന്നാണ് ഹസി പറയുന്നത്. പാണ്ട്യയെ ടീമിലുൾപ്പെടുത്തുന്നത് വഴി ഇന്ത്യൻ ബോളിംഗ് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. ” പാണ്ട്യ മിച്ചൽ മാർഷിനെപ്പോലെയാണ്, അദ്ദേഹം ഫോമിൽ നിൽക്കുമ്പോൾ ടീമിന് അധിക ബോളറുടെ സേവനം ലഭിക്കും. ഇത് ടീമിലെ പേസ് ബൗളർമാരുടെ അധികച്ചുമതല കുറയ്ക്കാൻ സഹായിക്കും. അത് കൊണ്ട് തന്നെ പാണ്ട്യയെ കളിപ്പിക്കുന്ന കാര്യം ഇന്ത്യ‌ ഗൗരവകരമായി പരിഗണിക്കണം.” ഹസി പറഞ്ഞുനിർത്തി.

രണ്ടാം ടെസ്റ്റിൽ രവിചന്ദ്രൻ അശ്വിൻ കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായെന്നാണ് ഹസി വിലയിരുത്തുന്നത്. ഓസീസിന് വേണ്ടി സ്പിന്നറായ നഥാൻ ലിയോൺ മികച്ച പ്രകടനം നടത്തിയപ്പോൾ ഇന്ത്യൻ നിരയിൽ മികവ് കാട്ടാൻ സ്പിന്നർമാരുണ്ടായിരുന്നില്ലെന്നും അത് മത്സരത്തിൽ നിർണായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.