SHARE

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളാരൊക്കെയെന്ന് വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. കപിൽദേവ്, സുനിൽ ഗവാസ്കർ, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ തുടങ്ങിയ താരങ്ങളുണ്ടെങ്കിലും അവയിലാരും മൈക്കൽ വോണിന്റെ ടോപ്പ് 5 ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് കൗതുകം.

മൈക്കൽ വോണിന്റെ ലിസ്റ്റിൽ ആദ്യമുള്ളത് സച്ചിൻ ടെണ്ടുൽക്കറാണ്. ഇന്ത്യയല്ല, ലോകം തന്നെ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സച്ചിനെന്ന് മൈക്കൽ വോൺ പറയുന്നു. ലിസ്റ്റിലെ രണ്ടാം താരം മഹേന്ദ്ര സിംഗ് ധോണിയാണ്. ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നും ഐസിസി യുടെ മൂന്ന് ട്രോഫികളും സ്വന്തമാക്കിയ ഏക താരമായ ധോണി എന്ത് കൊണ്ടും തന്റെ ലിസ്റ്റിലെ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഉണ്ടാകുമെന്നും വോൺ പറയുന്നു. നിലവിൽ ഇന്ത്യൻ ടീമിന്റെ നായകനായ വിരാട് കോഹ്ലിയും, മുൻ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗുമാണ് വോണിന്റെ ലിസ്റ്റിൽ മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്.

വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അദ്ഭുതപ്പെടുത്തുന്നത് അഞ്ചാമതുള്ള താരത്തിന്റെ സാന്നിധ്യമാണ്. മുൻ ഇംഗ്ലണ്ട് താരത്തിന്റെ അഭിപ്രായത്തിൽ അജിത് അഗാർക്കറും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അജിത് അഗാർക്കറെ തന്റെ ലിസ്റ്റിലെ അഞ്ചാം താരമായി തിരഞ്ഞെടുക്കാൻ വോണിനെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ മികച്ച സ്റ്റാറ്റിസ്റ്റിക്സാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റുകൾ നേടിയ അഗാർക്കറിന്, 288 ഏകദിന വിക്കറ്റുകളും, 58 ടെസ്റ്റ് വിക്കറ്റുകളും കൈമുതലായുണ്ട്.

എന്നാൽ മൈക്കൽ വോണിന്റെ ഈ ലിസ്റ്റിനോട് പല ഇന്ത്യൻ ആരാധകരും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. പട്ടികയിലെ അജിത് അഗാർക്കറിന്റെ സാന്നിധ്യമാണ് അവയിൽ പലരുടേയും നെറ്റിചുളിപ്പിക്കുന്നതും.