SHARE

പതിനാലാം സീസൺ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർ പഞ്ചാബ് കിംഗ്സിന്റെ നായകനായ കെ എൽ രാഹുൽ ആയിരുന്നെന്ന് മുൻ ഇംഗ്ലണ്ട് നായകനും പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റുമായ മൈക്കൽ വോൺ, കഴിഞ്ഞ ദിവസം ഐപിഎല്ലിലെ ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുക്കുന്നതിനിടെയായിരുന്നു അതിൽ ഏറ്റവും മികച്ചു നിന്നത് രാഹുലാണെന്ന് വോൺ ചൂണ്ടിക്കാട്ടിയത്.

തന്നെ സംബന്ധിച്ചിടത്തോളം ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കെ എൽ രാഹുലാണെന്ന് പറയുന്ന വോൺ, അടുത്ത താര ലേലത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള താരം അദ്ദേഹമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. മിക്ക ഫ്രാഞ്ചൈസികളും പഞ്ചാബിൽ നിന്ന് രാഹുലിനെ പിടിച്ചെടുക്കാൻ ശ്രമിക്കുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റർമാരായി രാഹുലിന് പുറമേ ശിഖാർ ധവാൻ, ഫാഫ് ഡുപ്ലെസിസ്, റുതുരാജ് ഗെയിക്ക്വാദ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവരെയാണ് വോൺ തിരഞ്ഞെടുക്കുന്നത്‌. വൈറ്റ് ബോൾ ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ധവാനെന്ന് പറയുന്ന വോൺ, ഫാഫ് ഡുപ്ലെസിസിനെ ബുദ്ധിമാനായ പഴയ പടക്കുതിരയെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷത്തെ ഐപിഎല്ലിന്റെ യഥാർത്ഥ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു റുതുരാജ് ഗെയിക്ക്വാദെന്നും സംസാരത്തിനിടെ വോൺ ചൂണ്ടിക്കാട്ടി‌‌. മാനേജ്മെന്റ് തനിക്ക് നൽകിയ പിന്തുണക്ക് റുതുരാജ് മികച്ച പ്രതിഫലം തിരിച്ചു നൽകിയെന്നും ഇതിനൊപ്പം മുൻ ഇംഗ്ലണ്ട് നായകൻ കൂട്ടിച്ചേർത്തു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഗ്ലെൻ മാക്സ്‌വെൽ പുറത്തെടുത്ത ബാറ്റിംഗ് മികവിനേയും വോൺ വാനോളം പ്രശംസിച്ചു. ബാംഗ്ലൂർ ടീമിലെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റർ മാക്സ്‌വെൽ ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം ഓസ്ട്രേലിയൻ താരം കുറച്ച് വർഷങ്ങൾ അവർക്കൊപ്പമുണ്ടാകുമെന്ന് താൻ കരുതുന്നതായും കൂട്ടിച്ചേർത്തു.