SHARE

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം മൈക്കിള്‍ കാരിക്ക് സീസണ്‍ അവസാനത്തോടെ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ടീം പരിശീലകന്‍ ഹോസെ മൊറീന്യോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിരമിച്ചതിന് ശേഷം യുണൈറ്റഡിന്റെ പരിശീലകസംഘത്തോടൊപ്പം കാരിക്ക് ചേരുമെന്നും അദ്ദേഹം അറിയിച്ചു

36-കാരനായ കാരിക്കിനെ കഴിഞ്ഞ സെപ്റ്റംബറില്‍. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് ഇതുവരെ ടീമിനായി കളിച്ചിട്ടില്ല. എന്നാല്‍ അടുത്തിടെ കാരിക്ക് വീണ്ടും ടീമിനൊപ്പം പരിശീലനത്തിന് എത്തിയിരുന്നു.

കാരിക്ക് ടീമിന് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. കളിയില്‍ നിന്ന് വിരമിച്ച് പരിശീലകജോലി ഏറ്റെടുക്കുന്നത് ടീമിനും വ്യക്തിപരമായി കാരിക്കിനും നല്ല തീരുമാനമാണ് , മൊറീന്യോ പറഞ്ഞു. സീസണ്‍ അവസാനത്തോടെ കാരിക്ക് പരിശീലകചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്നും മൊറീന്യോ കൂട്ടിച്ചേര്‍ത്തു.

1999-ല്‍ വെസ്റ്റ് ഹാമിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ കാരിക്ക് 2006-ലാണ് യുണൈറ്റഡിലെത്തുന്നത്. സെന്‍ട്രൽ മിഡ്ഫീല്‍ഡറായ കാരിക്ക് യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീട നേട്ടങ്ങളിലും ഒരു ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും പങ്കാളിയായി. 2001-ല്‍ ദേശീയ ടീമിലെത്തിയ കാരിക്ക്, 34 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ക്ലബ് കരിയറില്‍ 700-ലേറെ മത്സരങ്ങളിലും കാരിക്ക് ബൂട്ടുകെട്ടിയിട്ടുണ്ട്.