SHARE

ഘാന ഫുട്ബോൾ ടീമിന്റെ സൂപ്പർ താരമായിരുന്ന മൈക്കിൾ എസ്സിയൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസം ഒരു ഘാനാ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്സിയൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ സുവർണകാലത്ത് ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു എസ്സിയൻ.

35-കരാനായ എസ്സിയൻ 2014 ബ്രസീൽ ലോകകപ്പിലാണ് അവസാനമായി ഘാനയ്ക്കായി കളിക്കുന്നത്. എന്നാൽ അതിന് മുമ്പേ തന്നെ വിരമിക്കാൻ തീരുമാനിച്ചതാണെന്നും പിന്നീട് ടീം അധികൃതരും മറ്റും ചേർന്ന് വിളിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നെന്നും എസ്സിയൻ പറഞ്ഞു. അതേസമയം ഘാന ദേശീയ ടീമിൽ കളിക്കാരും ടീം അധികൃതരും തമ്മിൽ നലിനിന്ന പ്രശ്നങ്ങളിൽ എസ്സിയന് പ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ബ്രസീൽ ലോകകപ്പിനിടയിൽ ടീം അധികൃതർ തന്നോട് പെരുമാറിയ രീതി ശരിയായിരുന്നില്ലെന്ന് എസ്സിയൻ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.

ചെൽസിക്കപ്പം ഒമ്പത് വർഷം കളിച്ച എസ്സിയൻ,രണ്ട് പ്രീമിയ്‍ ലീ​ഗ്, ഒരു ചാമ്പ്യൻസ് ലീ​ഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. പിന്നീട് റയൽ മഡ്രിഡ്, എ.സി മിലാൻ തുടങ്ങിയ ക്ലബുകളിൽ കളിച്ച എസ്സിയന്റെ അവസാന ടീം ഇന്തോനീഷ്യൻ ക്ലബ്, പെർസിബ് ബാൻഡുങ്ങായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ എസ്സിയൻ ക്ലബ് വിട്ടു. ഇനി ഏതെങ്കിലും ക്ലബിലേക്ക് താരം എത്തുമോയെന്ന കാര്യവും സംശയമാണ്. ഘാന ദേശീയ ടീമിനായി 58 മത്സരങ്ങളും എസ്സിയൻ കളിച്ചിട്ടുണ്ട്.