SHARE

ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിവസം, ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലെത്തിയ മിഷി ബാറ്റ്ഷുവായി ഇരട്ടഗോളുമായി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. എഫ്.സി കൊളോണിനെതിരായ മത്സരത്തിലാണ് ബാറ്റ്ഷുവായിയുടെ മിന്നുന്ന പ്രകടനം. മത്സരം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ജയിച്ചു.

ഗാബോണ്‍ താരം പിയറി എമറിക് ഔബമയാങ് ഇംഗ്ലീഷ് ക്ലബ് ആഴ്‌സനലിലെക്ക് പോയ ഒഴിവിലാണ്, മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെല്‍സിയില്‍ നിന്ന് ബാറ്റ്ഷുവായി ബൊറൂസിയയിലെത്തുന്നത്. ബെല്‍ജിയം താരമായ ബാറ്റ്ഷുവായി, ആദ്യ മത്സരത്തില്‍ തന്നെ ആദ്യ ഇലവനില്‍ ഇടം നേടി.

കൊളോണിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 35,62 മിനിറ്റുകളിലാണ് ബാറ്റ്ഷുവായിയുടെ ഗോളുകള്‍. ജര്‍മന്‍ താരം ആന്ദ്രേ ഷ്‌റുള്‍ മൂന്നാം ഗോള്‍ നേടി. ജര്‍മന്‍ താരം സിമോണ്‍ സൊള്ളര്‍, സ്പാനിഷ് താരം ജോര്‍ജെ മെയര്‍ എന്നിവരാണ് കൊളോണിന്റെ ഗോളുകള്‍ നേടിയത്.

2013-ല്‍ ഔബമയാങ് നേടിയശേഷം, ബുന്ദസ് ലീഗ അരങ്ങേറ്റത്തില്‍ ഇരട്ടഗോള്‍ നേടുന്ന ആദ്യ താരമാണ് ബാറ്റ്ഷുവായി. ഇരട്ടഗോളോടെ, ഈ സീസണില്‍ ബാറ്റ്ഷുവായിയുടെ ഗോളുകളുടെ എണ്ണം പന്ത്രണ്ടായി. ബൊറൂസിയയുടെ മൂന്നാം ഗോളിന് വഴിയൊരുക്കിയതും ബാറ്റ്ഷുവായിയാണ്.