SHARE

ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായെങ്കിലും മിക്കി ആർതർ പാകിസ്ഥാന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് സൂചന. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടിരിക്കുന്നത്. 2020 ൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ ആർതറിനെ പരിശീലക സ്ഥാനത്ത് നിലനിർത്താനാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ നീക്കം.

അതേ സമയം ടെസ്റ്റിൽ അസർ അലി നായക‌ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ടെസ്റ്റിൽ അസർ അലിയും, നിശ്ചിത ഓവർ മത്സരങ്ങളിൽ സർഫറാസ് അഹമ്മദുമാകും ഇനി മുതൽ ടീമിനെ നയിക്കുക. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുള്ളിൽ ഇക്കാര്യം തീരുമാനമായിക്കഴിഞ്ഞെന്നാണ്‌ വിവരം.

നേരത്തെ ലോകകപ്പിൽ പാകിസ്ഥാൻ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ പരിശീലകനെ അടക്കം പുറത്താക്കിയേക്കുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആർതറിന് കീഴിൽ 2017 ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയതും, ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയതും മുഖവിലയ്ക്കെടുക്കണമെന്ന ആവശ്യം ബോർഡ് മീറ്റിംഗിൽ ഉയർന്നു. ആർതറിന് കീഴിൽ അത്ര മോശമല്ലാത്ത പ്രകടനമാണ്‌ പാകിസ്ഥാന്റേതെന്ന് അഭിപ്രായപ്പെടുന്ന അവർ ഒരവസരം കൂടി അദ്ദേഹത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.