SHARE

ഈ വർഷത്തെ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മൈക്രോ ചിപ്പ് ക്രിക്കറ്റ് ബോളുകളാവും ഉപയോഗിക്കുകയെന്ന് സൂചന. പന്തിന്റെ വേഗതയും, ബൗൺസിന്റേയും സ്വിംഗിന്റേയും കൃത്യമായ അളവുകളും കണ്ടെത്താൻ മൈക്രോ ചിപ്പിന്റെ ഉപയോഗം സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ബിഗ് ബാഷ് ലീഗിൽ കൊണ്ടു വരുന്നത്. സംഭവം വിജയിച്ചാൽ അടുത്ത് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റും മൈക്രോ ചിപ്പ് പന്തുകളിലേക്ക് മാറും.

ക്രിക്കറ്റ് പന്തിന്റെ ഏറ്റവും ഉൾവശത്ത് ഒരു ചെറിയ മുട്ടയുടെ ആകൃതിയിലുള്ള മൈക്രോ ചിപ്പാണ് ഘടിപ്പിക്കുക. റബറും കോർക്കും ഉപയോഗിച്ചുള്ളതായിരിക്കും ഇത്. പുറം കാഴ്ചയിൽ സാധാരണ‌ ക്രിക്കറ്റ് പന്തുകളുടേതിന് സമാനമായതായിരിക്കും ഇതും. പന്തിനുള്ളിൽ ഘടിപ്പിച്ച ചിപ്പിനുള്ളിൽ നിന്ന് വിവരങ്ങൾ ഒരു സ്മാർട്ട് വാച്ചോ, ഫോണോ വഴി പുറത്തെത്തും.

ഒരു പന്തിനെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഈ ചിപ്പിൽ നിന്ന് നമുക്ക് ലഭിക്കും. പന്തിന്റെ വേഗത, സ്വിംഗ് മുതലായുള്ള അടിസ്ഥാന കാര്യങ്ങൾ മുതൽ പന്തിനെക്കുറിച്ചുള്ള സൂക്ഷ്മ‌വിവരങ്ങൾ വരെ ഈ മൈക്രോ ചിപ്പിലൂടെ നമുക്ക് ലഭിക്കും. ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലുൾപ്പെടെ അമ്പയർമാർക്കും ഏറെ സഹായം നൽകാൻ ഈ മൈക്രോ ചിപ്പ്ഡ് പന്തുകൾക്ക് കഴിയും. അതേ സമയം ഈ പന്തിൽ ഇപ്പോളും കാര്യമായ പരീക്ഷണം നടന്നിട്ടില്ല. ബിഗ് ബാഷ് ലീഗിൽ ഉപയോഗിച്ച് നോക്കിയതിന് ശേഷമേ സംഭവം വിജയമാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരൂ. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഒരു പന്ത് എത്ര നേരം ഉപയോഗിക്കാൻ പറ്റും എന്ന കാര്യത്തിലും ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്.