SHARE

കഴിഞ്ഞ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സിയാം ഹംഗലിനെ ഡെൽഹി ഡൈനാമോസ് സ്വന്തമാക്കി. രണ്ട് വർഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ ഈ മധ്യനിര താരവുമായി ഡെൽഹി കരാറൊപ്പിട്ടത്. 2017-18 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി എട്ട് മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരമാണ് ഹംഗൽ.

2012 ൽ പൈലാൻ ആരോസിലൂടെ ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യ ധാരയിലേക്ക് വന്ന ഹംഗൽ, 2013 ൽ ബെംഗളൂരു എഫ് സി യിലേക്ക് ചുവടുമാറി. ബെംഗളൂരുവിനൊപ്പം 2 ഐലീഗ് കിരീടങ്ങളും ഒരു ഫെഡറേഷൻ കപ്പും നേടിയ താരം 2015 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും, 2016 ൽ ചെന്നൈയൻ എഫ് സിക്ക് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചു.

-Advertisement-

2014 ലെ ഏഷ്യൻ ഗെയിംസിൽ കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഈ മണിപ്പൂരുകാരൻ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന മധ്യനിര താരമാണ്. ഹംഗൽ കൂടിയെത്തുന്നതോടെ അടുത്ത സീസണിലേക്കുള്ള ഡെൽഹിയുടെ മധ്യനിര ഇന്ത്യൻ താരങ്ങളാൽ സമ്പന്നമായി. വിനീത് റായ്, റോമിയോ ഫെർണാണ്ടസ്, നന്ദകുമാർ ശേഖർ, ലാലിൻസുവാല ചാംഗ്തെ തുടങ്ങിയവരാണ് ഡെൽഹി ഡൈനാമോസ് ടീമിലുള്ള ഇന്ത്യൻ മധ്യനിര താരങ്ങൾ.