SHARE

പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്തെത്തി നിൽക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഇക്കുറി ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മൂന്ന് അൺക്യാപ്പ്ഡ് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായ മൈക്ക് ഹെസൺ. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയായിരുന്നു ഇക്കുറി താൻ ബാംഗ്ലൂരിൽ ഏറ്റവുമധികം ഉറ്റുനോക്കുന്നതും, ടൂർണമെന്റിൽ ശ്രദ്ധേയമാകാൻ സാധ്യതയുമുള്ള മൂന്ന് അൺക്യാപ്പ്ഡ് താരങ്ങളെ ഹെസൺ തിരഞ്ഞെടുത്തത്.

ഐപിഎൽ താരലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയ മധ്യപ്രദേശിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ രജത് പട്ടീധാറാണ് മൈക്ക് ഹെസൺ തിരഞ്ഞെടുത്ത ശ്രദ്ധിക്കേണ്ട അൺക്യാപ്പ്ഡ് താരങ്ങളിൽ ആദ്യത്തെയാൾ. പട്ടീധാർ ഉന്നത നിലവാരത്തിലുള്ള ബാറ്റ്സ്മാനാണെന്ന് ചൂണ്ടിക്കാട്ടിയ ഹെസൺ കഴിഞ്ഞ 2 വർഷങ്ങളായി ഈ താരത്തെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മൊഹമ്മദ് അസറുദ്ദീനാണ് മൈക്ക് ഹെസന്റെ ലിസ്റ്റിലുള്ള രണ്ടാം താരം. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി‌ട്രോഫിയിൽ മുംബൈക്കെതിരെ നേടിയ സെഞ്ചുറിയിലൂടെ ശ്രദ്ധേയനായ താരമാണ് അസറുദ്ദീനെന്ന് ചൂണ്ടിക്കാട്ടുന്ന ഹെസൺ, ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അസറുദ്ദീൻ നമുക്ക് കാണിച്ചു തന്നതായും കൂട്ടിച്ചേർത്തു.

ഗോവയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ പ്രഭുദേശായിയെയാണ് ഇക്കുറി ബാംഗ്ലൂർ നിരയിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട അൺക്യാപ്പ്ഡ് താരങ്ങളിൽ ഹെസൺ മൂന്നാമത് തിരഞ്ഞെടുത്തത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാൻ മികവുള്ള താരമാണ് പ്രഭുദേശായിയെന്ന് പറയുന്ന ഹെസൺ, കരുത്തനും, മികച്ച ഫീൽഡറുമാണ് അദ്ദേഹമെന്നും വ്യക്തമാക്കി.