SHARE

ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുൻ ന്യൂസിലൻഡ് പരിശീലകൻ കൂടിയായിരുന്ന മൈക്ക് ഹെസൺ. ട്വിറ്ററിലൂടെയാണ് താൻ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലക സ്ഥാനമൊഴിയുകയാണെന്ന് ഹെസൺ സ്ഥിരീകരിച്ചത്.

2018 ഐപിഎൽ സീസണിലെ കിംഗ്സ് ഇലവന്റെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് അന്നത്തെ പരിശീലകനായിരുന്ന ബ്രാഡ് ഹോഡ്ജിനെ പുറത്താക്കിയ ഒഴിവിലായിരുന്നു ഹെസൺ അവരുടെ കോച്ചായി സ്ഥാനമേറ്റെടുത്തത്. ന്യൂസിലൻഡിനെ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളാക്കി മാറ്റിയതിന് പിന്നിൽ നിർണായക പങ്ക് വഹിച്ച പരിശീലകനായ ഹെസണുമായി രണ്ട് വർഷത്തെ കരാറായിരുന്നു അന്ന് പഞ്ചാബ് ഫ്രാഞ്ചൈസി ഒപ്പുവെച്ചത്. എന്നാൽ കരാറിൽ ഇനിയും ഒരു വർഷം ബാക്കി നിൽക്കേ സ്ഥാനമൊഴിയാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഹെസണ് കീഴിൽ ആറാം സ്ഥാനത്തായിരുന്നു പോയ സീസൺ ഐപിഎല്ലിൽ പഞ്ചാബ് ഫിനിഷ് ചെയ്തത്.

അതേ സമയം പഞ്ചാബ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഹെസൺ പടിയിറങ്ങുന്നതിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. നിലവിൽ പല ദേശീയ ടീമുകളും പുതിയ പരിശീലകരെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള പദ്ധതി മനസിലുള്ളതിനാലാണ് ഹെസൺ ഇപ്പോൾ ഐപിഎൽ ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.