SHARE

ഇറ്റലിയിൽ വമ്പൻ ക്ലബുകളുടെയെല്ലാം പേടിസ്വപ്നമായിരുന്ന അറ്റലാന്റയെ അവരുടെ തട്ടികത്തിലിട്ട് വീഴ്ത്തി എ.സി.മിലാൻ. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് മിലാന്റെ ജയം. യുവമുന്നേറ്റതാരം ക്രിസ്റ്റോഫ് പിയാറ്റെക്കിന്റെ ഇരട്ട​ഗോളുകളാണ് മിലാന് മിന്നുന്ന ജയം സമ്മാനിച്ചത്.

അറ്റലാന്റയുടെ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 33-ാം മിനിറ്റിൽ ആതിഥേയർ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. റെമോ ഫ്രൂലറുടെ ​ഗോളിലായിരുന്നു അറ്റലാന്റയുടെ ലീഡ്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പിയാറ്റെക്കിലൂടെ മിലാൻ ഒപ്പമെത്തി. രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റിനകം മിലാൻ ലീഡെടുത്തു. തുർക്കി സൂപ്പർ താരം ഹക്കാൻ ചാലനോലുവാണ് വലകുലുക്കിയത്. ആറ് മിനിറ്റിന് ശേഷം പിയാറ്റെക്കിന്റെ രണ്ടാം ​ഗോളിൽ മിലാൻ അറ്റലാന്റയ്ക്ക് മേൽ വിജയമുറപ്പിച്ചു.

വിജയത്തോടെ ലീ​ഗിൽ നാലാം സ്ഥാനത്ത് തുടരുന്ന മിലാൻ ചാമ്പ്യൻസ് ലീ​ഗ് സ്ഥാനമുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 24 മത്സരങ്ങളിൽ നിന്ന് 42 പോയിന്റാണ് മിലാനുള്ളത്.അഞ്ചാം സ്ഥാനത്തുള്ള റോമയ്ക്ക് 23 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുണ്ട്. ജുവന്റസ്, നാപ്പോളി, ഇന്റർ മിലാൻ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ