SHARE

സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന കുതിപ്പുമായാണ് സെരി എയിൽ എ.സി മിലാൻ ആവേശമുണർത്തുന്നത്. ഇന്നലെ എംപോളിയെയാണ് മിലാൻ തകർത്തത്. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു മിലാന്റെ ജയം.

മിലാന്റെ മൈതാനമായ സാൻസിറോയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. ഇതിനിടയിൽ മിലാന്റെ യുവതാരം ലൂക്കാസ് പാക്വേറ്റ നേടിയ ​ഗോൾ വീഡിയോ അസിസ്റ്റ് റഫറി റദ്ദാക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മിലാൻ അക്കൗണ്ട് തുറന്നു. 49-ാം മിനിറ്റിൽ മുന്നേറ്റതാരം ക്രിസ്റ്റോഫ് പിയാറ്റെക്കാണ് വലകുലുക്കിയത്. മിലാനായി ആറ് മത്സരങ്ങളിൽ നിന്ന് പിയാറ്റെക്കിന്റെ ഏഴാം ​ഗോളായിരുന്നു ഇത്

രണ്ട് മിനിറ്റിന് ശേഷം ഫ്രാങ്ക് കെസിയെയുടെ ​ഗോളിൽ മിലാൻ ലീഡുയർത്തി. 67-ാം മിനിറ്റിൽ മിലാന്റെ ആധികാരികജയമുറപ്പിച്ച് സാമു കാസ്റ്റല്ലെയോ ടീമിന്റെ മൂന്നാം ​ഗോളും നേടി. വിജയത്തോടെ 25 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി നാലാം സ്ഥാനത്താണ് മിലാൻ. തൊട്ടുമുന്നിലുള്ള ഇന്റർ മിലാന് 23 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുണ്ട്