SHARE

വിഖ്യാതരായ ഒട്ടേറെ പരിശീലകർ എ.സി.മിലാനെ കളിപഠിപ്പിച്ചിട്ടുണ്ട്. ജിയോവാനി ട്രപ്പറ്റോണി, ഫാബിയോ കാപ്പെല്ലോ, അറി​ഗോ സാച്ചി,ഓസ്കാർ ടാബരേസ്, കാർലോ ആഞ്ചലോട്ടി, മാസിമില്യാനോ അല്ലെ​ഗ്രി തുടങ്ങിയവർ മിലാൻ പരിശീലകനായിരുന്നു. എന്നാൽ അല്ലെ​ഗ്രി ക്ലബ് വിട്ടതിന് ശേഷം മിലാനിൽ പരിശീലകർക്ക് നല്ലകാലമല്ല.

2014-ലാണ് അല്ലെ​ഗ്രി മിലാൻ വിട്ട് യുവന്റസിലേക്ക് പോയത്. തുടർന്നുള്ള ഈ അഞ്ച് വർഷത്തിടെ ഇത് ഒമ്പതാം പരിശീലകനാണിപ്പോൾ മിലാനിൽ. അല്ലെ​ഗ്രിക്ക് പിന്നാലെ മുൻ പരിശീലകൻ മൗറോ ടസോറ്റി ഇടക്കാല ചുമതലയേറ്റു എന്നാൽ വൈകാതെ തന്നെ പുറത്തായി. പകരമെത്തിയത് മിലാന്റെ ഇതിഹാസതാരം ക്ലാരൻസ് സീഡോർഫ്. സീഡോർഫും അതേവർഷം തന്നെ പുറത്തായി. പകരം മറ്റൊരു ഇതിഹാസം ഫിലിപ്പോ ഇൻസാ​ഗിയെത്തി.

ചുരുക്കിപ്പറഞ്ഞാൽ 2014-ൽ മാത്രം അല്ലെ​ഗ്രിയടക്കം നാല് പരിശീലകർ മിലാനിലെത്തി. ഇതിനിടെ ക്ലബിന്റെ വിൽപ്പനയും നടന്നത് പ്രതിസന്ധി കൂടുതൽ വഷളാക്കി. ഇതിനിടിയിൽ എങ്ങനെയൊക്കെയോ ഇൻസാ​ഗി ഒരു വർഷം തികച്ചു. 2015 ജൂണിൽ ഇൻസാ​ഗി പുറത്തായി പകരം സെർബിയൻ ഇതിഹാസം സിനിസ മിഹലോവിച്ചെത്തി. ഒരു വർഷം മിലാനിൽ മിഹലോവിച്ചും പിടിച്ചുനിന്നു.

2016 ഏപ്രിലിൽ മിഹലോവിച്ചിന് പകരം ക്രിസ്റ്റ്യൻ ബ്രോച്ചിയെത്തി. രണ്ടരമാസത്തിന് ശേഷം ബ്രോച്ചി പുറത്തായി. പകരമെത്തിയത് വിൻസെൻസോ മൊന്റേല. മൊന്റേല വന്നതിന് ശേഷം മിലാൻ സൂപ്പർകോപ്പ ഇറ്റാലിയ കിരീടം ചൂടി. ഒപ്പം ആദ്യ സീസണിൽ ലീ​ഗിൽ അറാം സ്ഥാനത്തെത്തി. ഇതോടെ 2017-18 സീസണിലേക്കും മൊന്റേലയെ നിയോ​ഗിച്ചു.

എന്നാൽ പ്രതീക്ഷ നിലനിർത്താൻ മൊന്റേലക്കായില്ല. ഇതോടെ നവംബറിൽ മൊന്റേല പുറത്തായി. പകരം മുൻ താരം ​ഗെന്നാരോ ​ഗട്ടൂസോ പരിശീലകനായി. രണ്ട് സീസണുകളിലും ഭേദപ്പെട്ട പ്രകടനം ​ഗട്ടൂസോയ്ക്ക് കീഴിൽ മിലാൻ നടത്തി. എന്നാൽ കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടാനാകാതെ വന്നതോടെ ​ഗട്ടൂസോയ്ക്ക് പുറത്തേക്ക് വഴിതെളിഞ്ഞു.

പിന്നീടെത്തിയത് സാംപ്ദോറിയ പരിശീലകനായിരുന്ന മാർക്കോ ജിയാംപോളോയാണ്. പ്രീസീസണിൽ ആവശ്യത്തിന് സമയം കിട്ടിയിട്ടും ലീ​ഗിൽ ജിയാംപോളോയ്ക്ക് കീഴിൽ മിലാന്റെ തുടക്കം മോശമായി. ഏഴ് ലീ​ഗ് മത്സരങ്ങളിൽ നാലിലും മിലാൻ തോറ്റു.ഇതോടെ വെറും നാല് മാസത്തെ ജിയാംപോളോയുടെ ചുമതലയും അവസാനിച്ചു. തുടർന്നാണിപ്പോൾ സ്റ്റഫാനോ പിയോലിയുടെ നിയമനം