SHARE

ട്രാൻസ്ഫർ ജാലകത്തിൽ അനുഭവസമ്പത്തുള്ള താരങ്ങളെ സ്വന്തമാക്കുന്നതിന് പ്രധാന്യം കൊടുക്കുകയാണ് ഇറ്റാലിയൻ ക്ലബ് എ.സി.മിലാൻ. മുന്നേറ്റത്തിൽ ഇതിഹാസതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ എത്തിച്ച മിലാൻ പ്രതിരോധത്തിൽ കഴിഞ്ഞ ദിവസം ഡെന്മാർക്ക് നായകൻ സിമോൺ ക്യാറിനേയും കൂടെക്കൂട്ടി.

ഇരുസീനിയർ താരങ്ങൾക്ക് പുറമെ ഒരു അനുഭവസമ്പത്തുള്ള ​ഗോളിയെക്കൂടി മിലാൻ ഒപ്പം കൂട്ടുകയാണ്. ബോസ്നിയ ദേശീയ ടീമിന്റെ ​ഗോൾവലകാക്കുന്ന അസ്മിർ ബെ​ഗോവിച്ചിനെയാണ് മിലാൻ ടീമിലെത്തിച്ചത്. ഇം​ഗ്ലീഷ് ക്ലബ് ബേൺമത്തിൽ നിന്ന് ലോൺ കരാറിലാണ് ബെ​ഗോവിച്ചിനെ ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. മിലാനിലുണ്ടായിരുന്ന സ്പാനിഷ് ​ഗോളി പെപ്പെ റെയ്ന ഇം​ഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയിലേക്ക് പോയ ഒഴിവിലാണ് ബെ​ഗോവിച്ചെത്തുന്നത്. ടീമിൽ എത്തിച്ചെങ്കിലും ജിയാൻല്യൂജി ഡോണറുമയ്ക്ക് പിന്നിൽ രണ്ടാം ​ഗോളിയായിരിക്കും ബെ​ഗോവിച്ച്.

ഇം​ഗ്ലീഷ് ക്ലബ് സ്റ്റോക്ക് സിറ്റിയുടെ ​ഗോളിയായിരിക്കുമ്പോഴാണ് ബെ​ഗോവിച്ച് ശ്രദ്ധേയനായത്. അഞ്ച് വർഷം സ്റ്റോക്കിൽ കളിച്ച ബെ​ഗോവിച്ച് പിന്നീട് ചെൽസിയുടേയും ​ഗോൾവലകാത്തു. ഈ സീസൺ തുടക്കത്തിൽ അസർബൈജാൻ ക്ലബ് ഖ്വാരാബാ​ഗിനായി ലോണിൽ കളിച്ച ശേഷമാണിപ്പോൾ ബെ​ഗോവിച്ചിന്റെ ഇറ്റലിയിലേക്കുള്ള വരവ്.