SHARE

ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ നേടിയ ​ഗോളോടെ ഐ ലീ​ഗിൽ നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബ് ​ഗോകുലത്തെ സമനിലയിൽ തളച്ചു. 84-ാം മിനിറ്റിൽ നേടിയ ​ഗോളിൽ ​ഗോകുലം വിജയമുറപ്പിച്ചിരിക്കെയാണ് ഏവരേയും ഞെട്ടിച്ച മിനർവയുടെ സമനില ​ഗോൾ വന്നത്.

മിനർവയുടെ മൈതാനത്ത് നടന്ന മത്സരത്തിന്റെ 84-ാം മിനിറ്റിൽ ട്രിനിനാഡ് താരം മാർക്കസ് ജോസഫ് നേടിയ ​ഗോളോടെയാണ് ​ഗോകുലം മുന്നിലെത്തിയത്. ​ഗോകുലത്തിനായി രണ്ടാമത്തെ മത്സരം മാത്രം കളിക്കുന്ന ജോസഫ്, രണ്ട് മത്സരങ്ങളിലും ഇതോടെ ​ഗോൾ നേടിക്കഴിഞ്ഞു. ജോഫിന്റെ ​ഗോളിൽ വിജയമുറപ്പിച്ചിരിക്കെയാണ് ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ശേഷിക്കെ, കൊളംബിയൻ പ്രതിരോധതാരം ജോർജ് റോഡ്രി​ഗ്വസാണ് മിനർവയെ ഒപ്പമെത്തിച്ചത്.

തുടർച്ചയായി നാല് തോൽവികൾക്ക് ശേഷമാണ് ​ഗോകുലം ഒരു പോയിന്റ് സ്വന്തമാക്കുന്നത്. മത്സരം സമനിലയിലായെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റമൊന്നുമില്ല. മിനർവ 14 പോയിന്റോടെ ഏഴാം സ്ഥാനത്തും ​ഗോകുലം പതിനൊന്ന് പോയിന്റോടെ ഒമ്പതാം സ്ഥാനത്തുമാണ്.