SHARE

ഹീറോ സൂപ്പർ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ മിനർവ്വ പഞ്ചാബിനെതിരെ ജംഷഡ്പൂരിന് വിജയം. അധികസമയവും പെനാൽട്ടി ഷൂട്ടൗട്ടും കടന്ന മത്സരത്തിൽ സഡൻ ഡെത്തിൽ 5-4നാണ് ഐ ലീഗ് ചാമ്പ്യൻമാർക്കെതിരെ ജംഷഡ്പൂർ വിജയം നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ആവേശകരമായ മത്സരത്തിനാണ് തുടക്കമായത്. മൂന്നാം മിനുട്ടില്‍ ജംഷഡ്പൂര്‍ താരം ബികാഷ് ജൈരു മിനര്‍വ്വ ബോക്‌സിലേക്ക് തള്ളിവിട്ട ക്രോസ് എറിക് ഡാനോ ത്രോ വഴങ്ങി രക്ഷപ്പെടുത്തി. കളി പുരോഗമിച്ചതോടെ മിനര്‍വ്വ പഞ്ചാബ് പതുക്കെ മത്സരത്തിന്റെ താളം കയ്യിലാക്കി. 18ാം മിനുട്ടില്‍ ലഭിച്ച മികച്ചൊരു അവസരം മിനര്‍വ്വ താരങ്ങള്‍ പാഴാക്കി.

തൊട്ടടുത്ത മിനുട്ടില്‍ ബികാഷ് ജൈരുവിന്റെ ഷോട്ട് മിനര്‍വ്വ പോസ്റ്റിന് മുകളിലൂടെ പറന്നു. 26ാം മിനുട്ടില്‍ ജംഷഡ്പൂര്‍ ആരാധര്‍ തലയില്‍ കൈവെച്ച നിമിഷം. ബോക്‌സിന് പുറത്ത് നിന്ന് പന്തു ലഭിച്ച കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് ഷോട്ടുതിര്‍ക്കാന്‍ സാധിച്ചില്ലെങ്കിലും പന്ത് ജൈരുവിനാണ് ലഭിച്ചത്. ജൈരുവിന്റെ ഷോട്ട് പക്ഷേ, നിര്‍ഭാഗ്യം കൊണ്ട് മാത്രം പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

രണ്ടാം പകുതിയില്‍ കുറച്ച് കൂടി ഉണര്‍ന്ന് കളിക്കുന്ന മിനര്‍വ്വ പഞ്ചാബിനെയാണ് കണ്ടത്. 48ാം മിനുട്ടില്‍ മിനര്‍വ്വയുടെ ചെഞ്ചോ മികച്ച മുന്നേറ്റം നടത്തിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 56ാം മിനുട്ടില്‍ മിനര്‍വ്വയുടെ ആകാശിന്റെ ഫ്രീകിക്ക് ജംഷഡ്പൂര്‍ മനുഷ്യമതില്‍ തകര്‍ത്തുവെങ്കിലും ഗോള്‍കീപ്പര്‍ സഞ്ജീബന്‍ ഘോഷ് ടീമിന്റെ രക്ഷകനായി. 73ാം മിനുട്ടില്‍ വീണ്ടും മിനര്‍വ്വാ താരത്തിന്റെ ഷോട്ട് സഞ്ജീബന്‍ കയ്യിലൊതുക്കി. 77ാം മിനുട്ടില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റം. എന്നാല്‍ ബോക്‌സിനുള്ളില്‍ ക്രോസ് ലഭിച്ച ബെല്‍ഫോര്‍ട്ടിന്റെ ഹെഡര്‍ മിനര്‍വ്വ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.

83ാം മിനുട്ടില്‍ മിനര്‍വ്വാ താരം ചെഞ്ചോയുടെ മികച്ച മുന്നേറ്റം. എന്നാല്‍ താരത്തിന്റെ ഷോട്ട് വലയിലുരസി പുറത്തേക്കാണ് പറന്നത്. 86ാം മിനുട്ടില്‍ ഗഗന്‍ദീപിന്റെ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍കീപ്പര്‍ സഞ്ജീബന്‍ മനോഹരമായി കയ്യിലൊതുക്കി. അവസാന നിമിഷങ്ങളില്‍ ഇരു ടീമുകളും ക്ഷീണിതരായിട്ടാണ് കളിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ഇരു ടീമുകളും 4-4ന് സമനില പാലിച്ചു. മെമോയുടെയും മൊയിനുദ്ദീൻ്റെയും കിക്കുകളാണ് ഗോൾകീപ്പർമാർ തടുത്തിട്ടത്. സഡൻ ഡെത്തിൽ ഇരുടീമുകളുടെയും ആദ്യ കിക്കുകൾ തടുത്തിട്ട് ഗോൾകീപ്പർ മാർ കളി ആവേശത്തിലാക്കി. അടുത്ത കിക്ക് ജംഷഡ്പൂർ താരം ഗോളാക്കി മാറ്റിയപ്പോൾ മിനർവ്വാ താരത്തിന് പിഴച്ചു. അതോടെ കളി ജംഷഡ്പൂർ വിജയിക്കുകയും ചെയ്തു.