SHARE

എ എഫ് സി കപ്പില്‍ ചരിത്ര നേട്ടവുമായി മിനര്‍വ്വ പഞ്ചാബിന്റെ ഇന്ത്യന്‍ യുവതാരം തോയ്ബ സിംഗ് മൊയ്‌റാങ്‌തെം. നേപ്പാളീസ് ക്ലബ് മനാംഗ് മര്‍ഷ്യാംഗ്ദി ക്ലബിനെതിരെ ഗോള്‍ നേടിയതോടെ എ എഫ് സി കപ്പ് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി തോയ്ബ സിങ് മാറി. 16 വയസ്സും 154 ദിവസവുമാണ് താരത്തിന്റെ പ്രായം.

മനാംഗിനെതിരെ നടന്ന മത്സരത്തില്‍ 39ാം മിനുട്ടിലാണ് തോയ്ബ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം വിജയിക്കാന്‍ മിനര്‍വ്വ പഞ്ചാബിന് കഴിഞ്ഞില്ല. 81ാം മിനുട്ടില്‍ സഹീദ് അസീസ് നേടിയ ഗോളില്‍ നേപ്പാളീസ് ക്ലബ് സമനില പിടിക്കുകയായിരുന്നു. ഇതോടെ മിനര്‍വ്വ ടൂര്‍ണ്ണമെന്റില്‍ നാലാമത്തെ സമനില വഴങ്ങുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐ ലീഗ് അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമായും തോയ്ബ സിംഗ് മാറിയിരുന്നു. ഇന്ത്യൻ ആരോസിനെതിരെയാണ് താരം ഐ ലീഗ് അരങ്ങേറ്റം കുറിച്ചത്.