ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗും പാക് താരം ഷാഹിദ് അഫ്രിദിയുമെല്ലാം മൈനസ് 20 ഡിഗ്രി താപനിലയില്‍ കളിക്കാന്‍ വേണ്ടി സ്വിറ്റസര്‍ലാന്റിലേക്ക് പോവുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. അഫ്രീദിക്കും സെവാഗിനും ന്യൂസിലാന്റ് താരം ഡാനിയല്‍ വെറ്റോറിക്കും പുറമേ കൂടുതല്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുന്നു.
വെസ്റ്റിന്‍ഡീസ് സ്റ്റാര്‍ ബൗളര്‍ ഡ്വെയിന്‍ ബ്രാവോയും പാക്കിസ്ഥാന് താരം അബ്ദുല്‍ റസാഖുമാണ് പുതുതായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വിറ്റ്സര്‍ലാന്റില്‍ ക്രിക്കറ്റിനെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക ക്ലബാണ് വരുന്ന ഫെബ്രുവരി 8നും 9 നുമായി ടി20 ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. മൈനസ് 20 ഡിഗ്രിയിലാണ് മത്സരം നടക്കുന്നതെന്ന് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ ഏറ്റവും പ്രത്യേകത. ഐ പി എല്ലിലുള്‍പ്പടെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ബ്രാവോ.
ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്സ് ടീമംഗം കൂടിയായ ബ്രാവോ സ്വിറ്റ്സര്‍ലാന്റില്‍ എത്തുന്നതോടെ ടൂര്‍ണ്ണമെന്റിന് മികച്ച ആരാധകശ്രദ്ധ ലഭിക്കും. മുഹമ്മദ് കൈഫ്, ഷൊയിബ് അക്തര്‍, മഹേള ജയവര്‍ധനെ, ലസിത് മലിംഗ, മൈക്കല്‍ ഹസ്സി, ജാക്വസ് കാലിസ്, നഥാന്‍ മെക്കല്ലം, ഗ്രാന്റ ഏലിയറ്റ്, ഒവൈസ് ഷാ, മോണ്ടി പനേസര്‍ തുടങ്ങിയ താരങ്ങള്‍ നേരത്തെ തന്നെ മത്സരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.