സൂപ്പർ കപ്പിൽ ഒഡിഷയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ക്ലിഫോർഡ് മിറാൻഡ. ജോസെപ് ഗോമ്പു പുറത്തായ ഒഴിവിൽ ലഭിച്ച ഇടക്കാല ചുമതലയിലാണ് മിറാൻഡ ഈ നേട്ടം കൈവരിച്ചത്. എന്നാൽ പിന്നീട് ഒഡിഷ മുഖ്യപരിശീലകനായി സെർജിയോ ലൊബേറയെ നിയമിച്ചു. ഇതിനുശേഷം കഴിഞ്ഞ ദിവസം മിറാൻഡ ഒഡിഷ വിട്ടു.
മുഖ്യപരിശീലകനായി മിറാൻഡയെ ഒഡിഷ നിയമിക്കില്ല എന്നുറപ്പായിരുന്നു. എങ്കിലും ലൊബേറയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി മിറാൻഡയ്ക്ക് ഒഡിഷ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മിറാൻഡ ഇത് നിരസിക്കുകയായിരുന്നു. ഒഡിഷയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുഖ്യപരിശീലകദൗത്യം ലഭിക്കാനുള്ള താൽപര്യമാണ് ക്ലബ് വിടാൻ പ്രേരിപ്പിച്ചതെന്ന് മിറാൻഡ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
എനിക്ക് ഒഡിഷയെ എപ്പോഴും ഇഷ്ടമാണ്, അവിടെ തുടരാനും താൽപര്യമുണ്ടായിരുന്നു, പക്ഷെ എന്റെ ഏറ്റവും വലിയ ആഗ്രഹം മുഖ്യപരിശീലകസ്ഥാനമാണ്, ഒഡിഷ മാത്രമല്ല മറ്റ് ചില ഐഎസ്എൽ ക്ലബുകളേയും ഇക്കാരണത്താൽ ഞാൻ തള്ളികളഞ്ഞു, ഇപ്പോൾ ഐ-ലീഗിലാണ് മുഖ്യപരിശീലകറോളിൽ എനിക്ക് അവസരം കിട്ടാൻ സാധ്യതയേറെ, ഐഎസ്എല്ലിൽ ഇതിന് സാധ്യത വളരെ കുറവാണ്, മിറാൻഡ പറഞ്ഞു.
അതേസമയം ഇപ്പോൾ മിറാൻഡയ്ക്ക് മുന്നിൽ ദേശീയ ടീമിന്റെ ഓഫറുണ്ട്. ഇന്ത്യയുടെ അണ്ടർ 23 ടീം പരിശീലകസ്ഥാനത്തേക്കാണ് മിറാൻഡയെ പരിഗണിക്കുന്നത്. അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾ വരാനിരിക്കെ മിറാൻഡ തന്നെ ഈ ദൗത്യമേറ്റെടുത്തേക്കുമെന്ന് ഏഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഏഐഎഫ്എഫ് സമീപിച്ച കാര്യം മിറാൻഡയും സ്ഥിരീകരിച്ചിട്ടുണ്ട്.