SHARE

യുവത്വത്തിന് കൂടുതൽ മുൻ തൂക്കം നൽകിക്കൊണ്ടുള്ള ടീമിനെയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ പാകിസ്ഥാൻ അണിനിരത്തിയത്. എന്നാൽ പ്രതീക്ഷിച്ച മികവ് പാകിസ്ഥാന് പരമ്പരയിൽപുറത്തെടുക്കാനായില്ല, ഫലമോ ഏറെനാൾക്ക് ശേഷം നാട്ടിലേക്കെത്തിയ ടി20 പരമ്പരയിൽ അവർ 0-3 ന് പരാജയപ്പെട്ടു.

യുവതാരങ്ങൾക്ക്‌ മുൻ തൂക്കം നൽകിക്കൊണ്ടുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോൾ, സീനിയർ താരങ്ങളായ ഷോയിബ് മാലിക്ക്, മൊഹമ്മദ് ഹഫീസ് എന്നിവരെ പാകിസ്ഥാൻ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ടീംപ്രഖ്യാപനത്തിന്റെ സമയത്ത് തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ലങ്കയ്ക്കെതിരായ ടി20 പരമ്പര അടിയറവ് വെക്കേണ്ടി‌വന്നതിന് പിന്നാലെ ഹഫീസിനെയും, മാലിക്കിനേയും ടീമിൽ നിന്ന് മാറ്റിയതിൽ ടീം മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധം ശക്തമായി. അതിനിടയിൽ ഇപ്പോളിതാ ഈ താരങ്ങൾ ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചനകൾ നൽകിയിരിക്കുകയാണ് പാകിസ്ഥാൻ പരിശീലകൻ മിസ്ബാ ഉൾ ഹഖ്.

സ്പിൻ ബോളർമാരെ നന്നായി കളിക്കാനുള്ള ഈ താരങ്ങളുടെ കഴിവാണ് അവരെ ടീമിലേക്ക് തിരിച്ച് വിളിക്കാൻ മിസ്ബയെ പ്രേരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ മിസ്ബ നൽകിയ സൂചന ഇങ്ങനെ, ” ഈ പരമ്പരയിലെ തോൽവി ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. സീനിയർ താരങ്ങളുടെ മുൻ കാല പ്രകടനം ഞങ്ങൾ മറന്നു. ആ രണ്ട് പേരും (മാലിക്കും ഹഫീസും) സ്പിന്നർമാർ ക്കെതിരെ നന്നായി കളിക്കുന്ന താരങ്ങളാണ്. ഈ പരമ്പരയിൽ സ്പിന്നർമാർ ക്കെതിരെ കളിക്കാൻ ഞങ്ങൾ നന്നായി ബുദ്ധിമുട്ടി. ലെഗ് സ്പിന്നർമാരുടെ പന്ത് കളിക്കാൻ ഞങ്ങൾ നന്നായി കഷ്ടപ്പെട്ടു.” മിസ്ബാ പറഞ്ഞുനിർത്തി.