SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ പരമ്പര 1-1 ന് സമനലിയില്‍ നില്‍ക്കുകയാണ്. വിവാദങ്ങള്‍ വിട്ടൊഴിയാത്ത പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി കഗിസോ റബാഡയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കുകയും ചെയ്തു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് പുറത്തായപ്പോള്‍ ആവേശം അതിരുവിട്ടതിനാണ് റബാഡയ്ക്ക് വിലക്ക് ലഭിച്ചു.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. എന്നാല്‍ ഡിവില്ലിയേഴ്‌സിനെതിരെ പന്തെറിയുമ്പോള്‍ ക്യാപ്റ്റന്‍ സ്മിത്ത് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ തനിക്ക് അതൃപ്തി തോന്നിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.  ക്യാപ്റ്റന്‍ പറഞ്ഞതിനാല്‍ താന്‍ ആ നിര്‍ദ്ദേശം പാലിച്ചുവെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

മത്സരത്തിന്റെ 117ാം ഓവറിലെ രണ്ടു പന്തുകള്‍ സ്റ്റാര്‍ക്കും 118ാം ഓവറിലെ ഒരു പന്ത് ജോഷ് ഹേസല്‍വുഡും ലെഗ് സ്റ്റമ്പില്‍ നിന്ന് വളരെ അകലത്തിലാണ് എറിഞ്ഞത്. സ്മിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് ഈ തന്ത്രങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചു. ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം മാര്‍ച്ച് 22 മുതലാണ് തുടങ്ങുന്നത്.