SHARE
മിച്ചൽ സ്റ്റാർക്ക്

വലത് കാലിനേറ്റ പരിക്കിനെ തുടർന്ന് ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് ഈ വർഷത്തെ ഐപിഎല്ലിൽ കളിക്കാനാവില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതേ പരിക്കിനെത്തുടർന്ന് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരംഭിച്ച നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിൽ നിന്നും സ്റ്റാർക്ക് പുറത്തായിരുന്നു. സ്റ്റാർക്ക് പുറത്താവുന്നത് അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വൻ തിരിച്ചടി നൽകും. 9.4 കോടി രൂപ മുടക്കി ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ നിന്ന് കൊൽക്കത്ത സ്വന്തമാക്കിയ സ്റ്റാർക്കിലായിരുന്നു സീസണിലെ കൊൽക്കത്തയുടെ ബോളിംഗ് പ്രതീക്ഷകൾ.

സ്റ്റാർക്കിന് കളിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഓസ്ട്രേലിയൻ താരമായ മിച്ചൽ ജോൺസണിലായി കൊൽക്കത്തൻ ബോളിംഗിന്റെ പൂർണ ഉത്തരവാദിത്വം. വിനയ് കുമാർ, കംലേഷ് നാഗർകൊട്ടി, ശിവം മാവി എന്നിവരാണ് കൊൽക്കത്തൻ ടീമിലുള്ള മറ്റ് പേസ് ബൗളർമാർ. എന്നാൽ സ്റ്റാർക്കിന്റെ അഭാവം നികത്താൻ ഇവർക്ക് കഴിയുമോയെന്നത് കാത്തിരുന്ന് കാണണം.

സ്റ്റാർക്കിന് പകരക്കാരനായി പുതിയ താരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്തയ്ക്ക് കഴിയുമെങ്കിലും നിലവിലെ സാഹചര്യത്തിൽ സ്റ്റാർക്കിനെപ്പോലൊരു ബോളർക്ക് പകരക്കാരനെ കണ്ടെത്തുക ഏറെ ശ്രമകരമാണ്. ഏപ്രിൽ എട്ടാം തീയതി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തോടെയാണ് പതിനൊന്നാം എഡിഷൻ ഐപിഎല്ലിൽ കൊൽക്കത്തയുടെ യാത്ര ആരംഭിക്കുന്നത്.