SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഓസ്ട്രേലിയൻ സംഘത്തിന് തലവേദന സൃഷ്ടിച്ച് പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന്റെ പരിക്ക്. കാഫിന് പരിക്കേറ്റ സ്റ്റാർക്കിന് മൂന്നാം ടെസ്റ്റിൽ കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലായതാണ് ഓസീസിന് സമ്മർദ്ദം സൃഷ്ടിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് 11 വിക്കറ്റുകൾ നേടിയ സ്റ്റാർക്കിന് കളിക്കാനാവാതെ വന്നാൽ കനത്ത തിരിച്ചടിയാകും ഓസീസിനത്.

ഇരുപത്തിയെട്ടുകാരനായ സ്റ്റാർക്കിനെ, കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകൾ മാറാതെ പിന്തുടരുകയാണ്. ഇക്കഴിഞ്ഞ ആഷസിലെ ബോക്സിംഗ് ഡേ ടെസ്റ്റും, കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങളും താരത്തിന് നഷ്ടമായത് പരിക്കുകളെത്തുടർന്നായിരുന്നു. മൂന്നാം ടെസ്റ്റിൽ സ്റ്റാർക്കിന് കളിക്കാനാവാതെ വന്നാൽ ചാഡ് സേയേഴ്സോ, ജൈ റിച്ചാർഡ്സണോ പകരക്കാരായി ഓസീസ് നിരയിലെത്തും.

അതേ സമയം പരിക്കിന്റെ പിടിയിലായിരുന്ന മിച്ചൽ മാർഷ് പരിശീലനം പുനരാരംഭിച്ചത് ഓസ്ട്രേലിയൻ ക്യാമ്പിന് ശുഭസൂചനയാണ്. നാല് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര നിലവിൽ 1-1 ന് തുല്യത പാലിക്കുകയാണ്. ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസീസ് 118 റൺസിന് ജയിച്ചപ്പോൾ, പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ വിജയം.