SHARE

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 20 വർഷങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇന്ത്യൻ ഇതിഹാസ താരം മിഥാലി രാജിന് സ്വന്തം. വനിതാ ക്രിക്കറ്റിലെ മറ്റ് താരങ്ങൾക്കെല്ലാം സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന തകർപ്പൻ നേട്ടമാണ് ഇന്ത്യയുടെ അഭിമാന താരം സ്വന്തമാക്കിയിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുൻപ് 1999 ജൂൺ 26-ം തീയതി അയർലൻഡിനെതിരെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ മിഥാലി വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്.

ഏറ്റവും കൂടുതൽ വർഷങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച വനിതാ താരമെന്ന റെക്കോർഡിന് പുറമേ, ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ വനിതാ താരമെന്ന റെക്കോർഡും മിഥാലിയുടെ പേരിലാണ്. 204 ഏകദിന മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി മിഥാലി‌കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേഡ്സ് (191 മത്സരങ്ങൾ), ഇന്ത്യയുടെ ജുലൻ ഗോസ്വാമി (177), ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക് വെൽ (144) എന്നിങ്ങനെയാണ് വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങൾ.